മൂടാടി ഗ്രാമ പഞ്ചായത്ത് പരാതി പരിഹാര അദാലത്തിൽ തീരുമാനമായതിനെ തുടർന്ന് സ്വകാര്യവ്യക്തിയുടെ സ്ഥലത്തെ കാട് പഞ്ചായത്ത് ഇടപെട്ട് വെട്ടിതെളിച്ചു. മൂടാടി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ ഇരുപതാം മൈൽ ഭാഗത്ത് ദേശീയപാതയോട് ചേർന്ന് കിടക്കുന്ന 50 സെൻ്റ് സ്വകാര്യഭൂമിയിൽ പൊന്തക്കാട് പടർന്നുപിടിച്ചത് പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.
മുള്ളൻപന്നി, പെരുമ്പാമ്പ്, വിഷപാമ്പുകൾ, തെരുവുപട്ടികൾ എന്നിവയുടെ വിഹാരകേന്ദ്രമായതിനാൽ പരിസരത്തുള്ളവർക്ക് പുറത്തിറങ്ങാൻ പോലും ഭയമായിരുന്നു. പല പ്രാവശ്യം പരിസരവാസികളുടെ പരാതി പരിഗണിച്ച് ഉടമസ്ഥരോട് കാട് വെട്ടാൻ പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടും ഉടമകൾ തയാറായില്ല കഴിഞ്ഞ ദിവസം ഗ്രാമപഞ്ചായത്തിൽ നടന്ന പരാതി പരിഹാര അദാലത്തിൽ കാട് ഗ്രാമപഞ്ചായത്ത് ഇടപെട്ട് വെട്ടാൻ തീരുമാനിച്ചു. രണ്ട് ദിവസങ്ങളിലായി യന്ത്രസഹായത്തോടെ തൊഴിലാളികളെ വച്ചാണ് പഞ്ചായത്ത് കാട് വെട്ടിയത്. കാട് വെട്ടാൻ ചെലവായ തുക ഉടമസ്ഥരിൽ നിന്ന് ഈടാക്കുമെന്ന് പ്രസിഡൻ്റ് സി.കെ.ശ്രികുമാർ, സെക്രട്ടറി എം.ഗിരീഷ് എന്നിവർ അറിയിച്ചു.