വീട്ടിലേക്ക് പോകേണ്ടെന്ന അഭിപ്രായത്തിൽ ഉറച്ച് നിന്ന് അസം സ്വദേശിനിയായ 13 വയസുകാരി. വിശാഖപട്ടണത്ത് നിന്നും കണ്ടെത്തിയ കുട്ടിയെ ഞായറാഴ്‌ച രാത്രിയാണ് തിരുവനന്തപുരത്ത് എത്തിച്ചത്. തുടർന്ന് പൂജപ്പുര ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (സിഡബ്ളുസി) സിറ്റിങ്ങിൽ ഹാജരായി.
അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും വിട്ടു നിൽക്കുന്നതിൽ സങ്കടം ഉണ്ടെങ്കിലും വീട്ടിലേക്ക് പോകേണ്ടെന്ന നിലപാടിൽ തന്നെ ഉറച്ച് നിൽക്കുകയായിരുന്നു പെൺകുട്ടി. കേരളത്തിൽ തന്നെ നിൽക്കണമെന്നും പഠിക്കണമെന്നും പെൺകുട്ടി പറഞ്ഞു. ഇതോടെ പത്ത് ദിവസം സിഡബ്ളുസിയുടെ ബാലികാ സദനത്തിൽ പാർപ്പിച്ച് കുട്ടിക്ക് കൗൺസലിങ് നൽകാനാണ് തീരുമാനം. രക്ഷിതാക്കൾക്കും കൗൺസലിങ് നൽകും.
തുടർന്ന് കുട്ടിയുടെ മനസ് മാറുന്നെങ്കിൽ രക്ഷിതാക്കൾക്കൊപ്പം വിടും. നിലവിലെ നിലപാട് തുടരുകയാണെങ്കിൽ സർക്കാരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് സിഡബ്ളുസി ജില്ലാ ചെയർപേഴ്‌സൻ ഷാനിബാ ബീഗം പറഞ്ഞു. മകൾ വീട്ടിലേക്ക് വരാത്തതിൽ അച്ഛന് വിഷമമുണ്ട്. എന്നാൽ, സിഡബ്ളുസിയുടെ സംരക്ഷണയിൽ കഴിയുന്നതിൽ അമ്മയ്‌ക്ക് എതിർപ്പില്ല.