ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന്. വള്ളസദ്യ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പങ്കെടുക്കും. വള്ളസദ്യയുടെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി പള്ളിയോട സേവാസംഘം ഭാരവാഹികള്‍ അറിയിച്ചു. പള്ളിയോട സേവാസംഘം, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് എന്നിവരുടെ നേതൃത്വത്തിലാണ് വള്ളസദ്യ നടത്തുന്നത്.
52 കരകളിലെ കരനാഥന്മാരടക്കം അര ലക്ഷം പേരോളം അഷ്ടമരോഹിണി സദ്യയിൽ പങ്കുചേരും. ആനക്കൊട്ടിലിന്റെ വടക്കുവശം മുതൽ പടിഞ്ഞാറേ തിരുമുറ്റത്ത് യക്ഷിയമ്പലംവരെയുള്ള സ്ഥലം 52 കരനാഥന്മാർക്ക് ഭക്ഷണം വിളമ്പും.
ക്ഷേത്രത്തിനുള്ളിൽ 60,000 പേർക്കും പുറത്ത് 10000 പേർക്കുമാണ് സദ്യ ഒരുക്കിയിരിക്കുന്നത്. അഷ്ടമി രോഹിണിക്ക് ശേഷവും ഒക്ടോബർ രണ്ടുവരെ ക്ഷേത്രത്തിൽ വള്ളസദ്യ വഴിപാട് നടക്കും. ഭക്തർക്ക് തെക്കേത്തിരുമുറ്റത്താണ് സദ്യ. വടക്കേ മാളികയുടെ മുകളിലത്തെ ഊട്ടുപുര വിശിഷ്ടാതിഥികൾക്കായി ഒരുക്കിയിട്ടുണ്ട്. വള്ളസദ്യ വഴിപാടിന് കൂപ്പൺ എടുത്തിട്ടുള്ളവർക്ക് പാഞ്ചജന്യം, കൃഷ്ണവേണി, വിനായക എന്നീ ഓഡിറ്റോറിയങ്ങൾ ക്രമീകരിച്ചിട്ടുണ്ടെന്നും പള്ളിയോട സേവാസംഘം ഭാരവാഹികൾ അറിയിച്ചു.