മുഴുവന്‍ ഭിന്നശേഷി വ്യക്തികള്‍ക്കും അടിസ്ഥാന രേഖ ഉറപ്പാക്കുന്ന ആദ്യ ജില്ല എന്ന അപൂര്‍വ്വ നേട്ടം കൈവരിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ ‘സഹമിത്ര’ പദ്ധതി. ജൂണ്‍, ജൂലായ് മാസങ്ങളിലായി അങ്കണവാടി തലങ്ങളില്‍ നടത്തിയ ഭിന്നശേഷി വ്യക്തികളുടെ വിവര ശേഖരണത്തെ തുടര്‍ന്നുള്ള ഡാറ്റ എന്‍ട്രി പ്രവൃത്തികള്‍ അതിവേഗം പുരോഗമിക്കുകയാണ്. ഇനിയും മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റും കേന്ദ്ര സര്‍ക്കാറിന്റെ യു.ഡി.ഐ.ഡി. കാര്‍ഡും കൈവശമില്ലാത്തവര്‍ക്ക് തുടര്‍ നടപടികള്‍ വേഗത്തിലാക്കി വിതരണം പൂര്‍ത്തിയാക്കാനാണ് ശ്രമം. ശേഖരിച്ച മുഴുവന്‍ വിവരങ്ങളും ജില്ലയിലെ കോളേജുകളുടേയും നാഷണല്‍ സര്‍വ്വീസ് സ്‌കീം, ക്യാംപസസ് ഓഫ് കോഴിക്കോട് സന്നദ്ധ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവൃത്തിയും പുരോഗമിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ 20,000ത്തോളം പേരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട വെബ്‌സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.
രജിസ്‌ട്രേഷന്‍ പ്രവര്‍ത്തികള്‍ക്കായി സജ്ജീകരിച്ച മെഗാ ഡാറ്റ എന്‍ട്രി ക്യാമ്പ് നാളെ, ആഗസ്റ്റ് 28ന് മെഡിക്കല്‍ കോളേജ് സെന്റ് ജോസഫ്‌സ് ദേവഗിരി കോളേജില്‍ വെച്ച് നടക്കും. ബുധനാഴ്ച നടക്കുന്ന ക്യാമ്പിന് സെന്റ് ജോസഫ്‌സ് ദേവഗിരി കോളേജ്, വെസ്റ്റ്ഹില്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ്, നടക്കാവ് ഹോളി ക്രോസ് കോളേജ്, പ്രൊവിഡന്‍സ് വിമന്‍സ് കോളേജ്, െജ.ഡി.ടി. ഗവ. പോളി ടെക്‌നിക് കോളേജ്, കോഴിക്കോട് ഗവ. പോളിടെക്‌നിക് കോളേജ് എന്നീ സ്ഥാപനങ്ങളിലെ സ്റ്റുഡന്റ് വളണ്ടിയര്‍മാര്‍ നേതൃത്വം നല്‍കും. ക്യാമ്പ് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് സന്ദര്‍ശിക്കും.
ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും കേരള സാമൂഹ്യ സുരക്ഷാ മിഷന്റെയും സാമൂഹ്യ നീതി വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും മറ്റു വകുപ്പുകളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ജില്ലയിലെ ഭിന്നശേഷി ജനങ്ങളുടെ സമ്പൂര്‍ണ്ണ പരിരക്ഷ ലക്ഷ്യമാക്കി ആവിഷ്‌കരിച്ച പദ്ധതിയാണ് ‘സഹമിത്ര’. അതിന്റെ ആദ്യപടിയായാണ് ഭിന്നശേഷി അംഗീകാര രേഖകളുടെ വിതരണം ഉറപ്പാക്കുന്നത്. ഇതിനകം വെസ്റ്റ്ഹില്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ്, ഉള്ള്യേരി എം.ഡിറ്റ്, വടകര എഞ്ചിനീയറിംഗ് കോളേജ്, മടപ്പള്ളി ഗവ. കോളേജ്, പേരാമ്പ്ര സി.കെ.ജി.എം കോളേജ്, മൊകേരി ഗവ. കോളേജ്, മുക്കം ഡോണ്‍ ബോസ്‌കോ കോളേജ്, ഫാറൂക്ക് കോളേജ് എന്നിവിടങ്ങളില്‍ താലൂക്ക്തല ക്യാമ്പുകള്‍ നടന്നു.
അംങ്കണവാടി ടീച്ചര്‍മാര്‍, ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിവര ശേഖരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. ആകെ 60,000ത്തില്‍ പരം അപേക്ഷകളാണ് ഇതിനകം ശേഖരിച്ചത്. ക്യാമ്പുകള്‍ക്ക് കേരള സാമൂഹ്യ സുരക്ഷ മിഷന്‍ ഉദ്യോഗസ്ഥര്‍, ജില്ലാ കലക്ടറുടെ ഇന്റേണുകള്‍, നേരത്തേ പരിശീലനം പൂര്‍ത്തിയാക്കിയ ഓരോ കോളേജിലെയും മാസ്റ്റര്‍ വളണ്ടിയര്‍മാര്‍, കോളേജ് അധികൃതര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തദ്ദേശ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും പിന്തുണയിലാണ് ക്യാമ്പുകളുടെ നടത്തിപ്പ്.
ഭിന്നശേഷി മേഖലയിലെ വെല്ലുവിളികള്‍ ജനകീയ പങ്കാളിത്തത്തോടെ അഭിമുഖീകരിക്കുകയും കൂട്ടായി പരിഹാരം തേടുകയുമാണ് സഹമിത്ര പരിപാടികളിലൂടെ ലക്ഷ്യമിടുന്നത്. അടിസ്ഥാന ഭിന്നശേഷി അംഗീകാര രേഖകളുടെ വിതരണം, വിവിധ ആനുകൂല്യങ്ങള്‍ ലഭ്യമാക്കല്‍, അടിസ്ഥാന സൗകര്യ വികസനം, അവബോധ ക്യാംപെയ്‌നുകള്‍ തുടങ്ങിയവയാണ് പരിപാടികളില്‍ മുഖ്യമായവ. ഓണ്‍ലൈന്‍, ഓഫ്ലൈന്‍ മാര്‍ഗ്ഗങ്ങളിലൂടെ വിപുലമായ അവബോധ ക്യാംപെയിനുകള്‍ ഇക്കാലയളവില്‍ സംഘടിപ്പിക്കും.
ജില്ലാ കലക്ടറുടെ നേരിട്ട മേല്‍നോട്ടത്തിലാണ് പദ്ധതി നിര്‍വഹണം. ജില്ലയിലെ മന്ത്രിമാര്‍, കോര്‍പ്പറേഷന്‍ മേയര്‍, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മറ്റു തദ്ദേശ സ്ഥാപന മേധാവികള്‍, ഉന്നത തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലും പിന്തുണയിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്.