കൊയിലാണ്ടി: പന്തലായനി ചരിത്ര ഗവേഷണ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ചരിത്ര ക്രോഡീകരണത്തിന്റെ ഭാഗമായി നടന്ന ഓപൺ ഡിബേറ്റ് പ്രമുഖ ചരിത്രകാരനും ഗ്രന്ഥകാരനുമായ എം.ആർ രാഘവവാര്യർ ഉദ്ഘാടനം ചെയ്തു
ചരിത്രം വസ്തുതാപരമായിരിക്കണമെന്നും മിത്തുകളുടെയോ വിശ്വാസത്തിന്റെയോ അടിസ്ഥാനത്തിലുള്ള ഗ്രന്ഥ രചന ചരിത്രവിരുദ്ധവും സമൂഹത്തോടുള്ള വഞ്ചനയുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തിലെ ചിരപുരാതനമായ സാംസ്കാരിക വാണിജ്യ കേന്ദ്രമായിരുന്നു പന്തലായനിയെന്നും അത് വേണ്ട രീതിയിൽ ചരിത്രാന്വേഷകരുടെ മുമ്പാകെ എത്തിക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ കാലത്ത് ചരിത്രം ദിനേനെയെന്നോണം നവീകരണത്തിന് വിധേയമായികൊണ്ടിരിക്കുന്നുവെന്നും ഓരോ വ്യക്തിയും ചരിത്രത്തിന്റെ നിർമ്മാതാക്കളാകുന്നുവെന്നും സംവാദത്തിൽ പങ്കെടുത്തുകൊണ്ട് പ്രമുഖ ആർക്കിയോളജിസ്റ്റും ഗ്രന്ഥകാരനുമായ ഡോ. എൻ എം ഹുസൈൻ അഭിപ്രായപ്പെട്ടു ചരിത്ര രചനയുടെ വിവിധ ഘട്ടങ്ങളെ കുറിച്ചും വശങ്ങളെ കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു.
കൊയിലാണ്ടിയിലെ വിവിധ കോളജുകളെ പ്രതിനിധീകരിച്ച് വിദ്യാർത്ഥി-വിദ്യാർത്ഥിനികളും
പന്തലായനിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്ന എഴുത്തുകാരും അധ്യാപകരും ചരിത്രാന്വേഷികളും ഓപൺ ഡിബേറ്റിൽ സംബന്ധിച്ചു. സീതിസാഹിബ് പഠന ഗവേഷണ ഗ്രന്ഥശാലയിലേക്കുള്ള റഫറൻസ് ഗ്രന്ഥങ്ങളുടെ ശേഖരം ചടങ്ങിൽ വെച്ച് മുൻ വനിതാ കമ്മിഷൻ അംഗം അഡ്വ. പി കുൽസുടീച്ചറിൽ നിന്ന് മുൻ പി എസ് സി അഗം ടി ടി ഇസ്മയിൽ ഏറ്റുവാങ്ങി.
പന്തലായനി ചരിത്ര പഠന ഗവേഷണ സമിതി പുറത്തിറക്കുന്ന പന്തലായനി,ചരിത്ര വർത്തമാനങ്ങൾ., ഗ്രന്ഥരചനയുടെ ഭാഗമായിട്ടാണ് ഓപൺ ഡിബേറ്റ് എന്ന ശീർശകത്തിൽ സംവാദം സംഘടിപ്പിച്ചത്.