2018 മെയ് 12. മനോഹരമായ ഒരു സന്ധ്യ…
മൊടക്കല്ലൂർ എയുപി സ്കൂളിൽ ഞങ്ങളുടെ ഗുരുനാഥനായ ബാലൻ മാഷെ ആദരിക്കുന്ന ചടങ്ങ്. ചടങ്ങ് സംഘടിപ്പിച്ചത് ഞാനും സുരേഷ് പാറപ്രവും റിജു അത്തോളിയും ചേർന്നാണ്.ഹാളിനകത്ത് ഇരിക്കുന്നത് കുമളിയിലെയും പരിസരപ്രദേശങ്ങളിലെയും സാധാരണക്കാർ.. അവർ കാത്തിരിക്കുന്നത് തുടർന്ന് നടക്കാനിരിക്കുന്ന ഗാനമേളയെയാണ്. കാരണം ആ ഗാനമേള നയിക്കുന്നത് അവരുടെ പ്രിയപ്പെട്ട പാട്ടുകാരനാണ്. പാട്ടുകേ ൾക്കാൻ വന്നിരിക്കുന്നത് അധികവും പ്രായമുള്ളവരാണ്. അവരുടെ നല്ല കാലത്ത് അവർ കേട്ട് ഓർത്തിരിക്കുന്ന മനോഹരമായ പാട്ടുകൾ. ഒരുകാലത്ത് ഗാനമേള വേദികളെ ഹരം കൊള്ളിച്ചിരുന്ന, പേരുകേട്ടാൽ പോലും ആളുകൾ തടിച്ചു കൂടിയിരുന്ന ഒരു മനുഷ്യൻ. അത് മറ്റാരുമായിരുന്നില്ല മണക്കാട് രാജേട്ടൻ ആയിരുന്നു. രാജേട്ടന്റെ പാട്ടുകൾ കേൾക്കാൻ വേണ്ടി സൈക്കിൾ എടുത്ത് കൊയിലാണ്ടിക്ക് പോയ ഒരു കാലം നമുക്ക് ഓരോരുത്തർക്കും ഉണ്ടായിരുന്നു. കൂമുള്ളി ഡയാന തീയറ്ററിൽ രാജേട്ടൻ ഗാനമേളയ്ക്ക് പാടുന്നത് ഇപ്പോഴും കൂമുള്ളിക്കാരുടെ ഓർമയിൽ ഉണ്ട്. മാനസനിളയിൽ എന്ന അദ്ദേഹത്തിന്റെ ഹിറ്റ് ഗാനം. ആ പാട്ടിനു വേണ്ടിയാണ് എല്ലാവരും കാത്തിരിക്കുന്നത്. യേശുദാസ് മനോഹരമായി ആലപിച്ച ആ ഗാനം ആ കാലത്ത് അതേപോലെ പാടുന്നത് മണക്കാട് രാജേട്ടൻ മാത്രമായിരുന്നു. അധികമൊന്നും പാട്ടു കേൾക്കാൻ സൗകര്യമില്ലാതിരുന്ന ഒരു കാലം… ഇന്നത്തെപ്പോലെ ഒരുപാട് പാട്ടുകാർ ഇല്ലാതിരുന്ന കാലം…. കൊയിലാണ്ടി യേശുദാസും മണക്കാട് രാജനും ഒക്കെ അരങ്ങ് തകർത്ത കാലം….. അതെ അത് ഗാനമേളുകളുടെ സുവർണ്ണകാലം കൂടിയായിരുന്നു. ഉത്സവപ്പറമ്പുകളിൽ നിന്ന് ഉത്സവപ്പറമ്പുകളിലേക്ക് ഗാനമേള കേൾക്കാൻ ആളുകൾ തടിച്ചുകൂടി കൊണ്ടിരുന്ന ഒരു കാലം. കലകളുടെയും സംഗീതത്തിന്റെയും ഒക്കെ സുവർണ്ണകാലം..
ആ മണക്കാട് രാജേട്ടൻ ഒരിക്കൽ കൂടി പാടുന്നത് കേൾക്കാനാണ് കൂമുള്ളി യിലെ നാട്ടുകാർ ഇവിടെ കാത്തിരിക്കുന്നത്. ഹൃദയവാഹിനി ഒഴുകുന്നു നീ എന്ന ആദ്യ ഗാനത്തിലൂടെ തന്നെ ആസ്വാദകരുടെ ഹൃദയത്തിലേക്ക് അദ്ദേഹം പെയ്തിറങ്ങി.. പിന്നീടങ്ങോട്ട് നിരവധി പാട്ടുകൾ.. അന്ന് അദ്ദേഹത്തോടൊപ്പം മൂന്നു പാട്ടുകൾ പാടാനുള്ള ഭാഗ്യം എനിക്കും കിട്ടി.. മഹാനായ ഒരു ഗായകനൊപ്പം പാടാനുള്ള അവസരം.. ഗാനമേള നീണ്ടുപോയി.. ഒടുവിൽ ഗാനമേള തീർന്ന് ആളുകൾ പുറത്തിറങ്ങി… ഹാൾ വിട്ട് പുറത്തേക്ക് വന്നവരെല്ലാം കാണാൻ ഓടിവന്നത് രാജേട്ടനെയാണ്. ആളുകൾ രാജേട്ടനോട് കുശലം പറയുന്നു. വീട്ടിലെ ഒരു അംഗത്തെ പോലെ അദ്ദേഹത്തോട് കാര്യങ്ങൾ തിരക്കുന്നു. ഒരു പാട്ടുകാരന് ഇത്രയേറെ സ്ഥാനം ഈ സാധാരണക്കാരുടെ മനസ്സിൽ ഉണ്ട് എന്നുള്ളത് നമ്മളെ അത്ഭുതപ്പെടുത്തുന്നു. സിനിമാപാട്ടും നാടക ഗാനവും മാത്രമല്ല ഗാനമേളകളും ജനമനസ്സുകളിൽ ഉണ്ട് എന്നതിന്റെ തെളിവ്. ഗാനമേളകളിൽ പാടുന്ന പാട്ടുകാരും നമ്മുടെ ഹൃദയത്തിൽ താമസിക്കുന്നു എന്നതിന്റെ തെളിവ്.. പിന്നെ അന്ന് രാത്രി പുലരുന്നത് വരെ അദ്ദേഹത്തോടൊപ്പം ഞങ്ങൾ ഉണ്ടായിരുന്നു.ഞങ്ങളോടൊപ്പം ബാലൻ മാഷും, വാസവൻ കൊടശ്ശേരിയും…. അദ്ദേഹത്തിന്റെ ജീവിത കഥ അന്വേഷിച്ച്.. പ്രിയപ്പെട്ട ഒരുപാട് പാട്ടുകൾ പാടിയും കേട്ടും…ഓർമ്മച്ചെപ്പിൽ ഇന്നും സൂക്ഷിച്ചു വെക്കുന്ന മനോഹരമായ ഒരു രാത്രി…. മാനസനിളയിലെ പൊന്നോളങ്ങളിൽ മഞ്ജീര ധ്വനി ഉണർത്തി പ്രിയപ്പെട്ട രാജേട്ടൻ അനശ്വരതയിലേക്ക് മടങ്ങി…