തങ്കമല കരിങ്കല്‍ ക്വാറി വിഷയത്തില്‍ എണ്‍വയോണ്‍മെന്റ് ക്ലിയറന്‍സ് വ്യവസ്ഥ ചെയ്യുന്ന മുഴുവന്‍ നിബന്ധനകളും പാലിക്കാന്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് ക്വാറി ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട് കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഖനനം നടത്താന്‍ അനുമതിയുള്ള പ്രദേശങ്ങള്‍ പ്രത്യേകമായി അതിരിട്ട് തിരിക്കുക, മലിന ജലം കനാലിലേക്ക് ഒഴുകുന്നത് തടയുന്നത് ഉള്‍പ്പെടെയുള്ള മാലിന്യ സംസ്‌ക്കരണ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ നിബന്ധനകള്‍ അടിയന്തരമായി നടപ്പില്‍വരുത്തണം. വൈബ്രേഷന്‍ സ്റ്റഡി നടത്തുന്നതിനായി മേഖലയിലെ വിദഗ്ധരെയും പഞ്ചായത്ത് പ്രതിനിധികളെയും ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിക്കണം.
ക്വാറിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ യഥാസമയം ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന് ക്വാറി ഉടമകളും പഞ്ചായത്ത് പ്രതിനിധികളും വില്ലേജ് ഓഫീസറും ഉള്‍പ്പെടുന്ന സമിതി എല്ലാ ആഴ്ചയിലും യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. പ്രദേശത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്ന ക്രഷര്‍ നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്‍ സ്ഥലം സന്ദര്‍ശിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനും യോഗത്തില്‍ തീരുമാനമായി.
യോഗത്തില്‍ തുറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരീഷ്, കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ നിര്‍മ്മല ടീച്ചര്‍, വടകര ആര്‍ഡിഒ പി അന്‍വര്‍ സാദത്ത്, ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ എം സുനില്‍, തുറയൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ കെ സബിന്‍ രാജ്, ആസൂത്രണ സമിതി അംഗങ്ങളായ പി കെ ബാബു, വി ഹമീദ്മാസ്റ്റര്‍, എന്‍എച്ച്എഐ പ്രൊജക്ട് ഡയരക്ടര്‍ അഷുതോഷ് സിന്‍ഹ, ജില്ലാ ജിയോളജിസ്റ്റ് വി അമൃത, മലിനീകരണ നിയന്ത്രണ ബോര്‍ഡ് അസിസ്റ്റന്റ് എഞ്ചിനീയര്‍ വിമല്‍ പി മേനോന്‍, വാഗഡ് ഇന്‍ഫ്ര എംഡി സാവന്‍ ജെയിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.