കൊയിലാണ്ടി :കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ നിന്നും വിരമിച്ച എക്‌സിക്യൂട്ടീവ് ഓഫീസര്‍,സര്‍വ്വീസ് കാലാവധി അവസാനിക്കുന്നതിന്റെ തൊട്ടുമുന്‍പ് ആറു ലക്ഷം രൂപയോളം ദേവസ്വം ഫണ്ടില്‍ നിന്നും അനധികൃതമായി പിന്‍വലിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ക്ഷേത്രക്ഷേമ സമിതി എക്‌സി:യോഗംആവശ്യപ്പെട്ടു. വിരമിക്കല്‍ ആനുകൂല്യമായി ലഭിക്കേണ്ട തുക ദേവസ്വം കമ്മീഷണറുടെ അനുമതിയില്ലാതെ പിന്‍വലിച്ച നടപടി അധികാര ദുര്‍വിനിയോഗവും വിശ്വാസവഞ്ചനയുമാണന്ന് യോഗം അഭിപ്രായപ്പെട്ടു.
വി.വി.ബാലന്‍ അദ്ധ്യക്ഷം വഹിച്ചു. ഇ.എസ്.രാജന്‍,അഡ്വ.ടി.കെ.രാധാകൃഷ്ണന്‍, വി.വി.സുധാകരന്‍, എന്‍.വി.വത്സന്‍, പി.വേണു, എന്‍.എം.വിജയന്‍, കെ.എസ്.ജയദേവ്, കെ.സുധീഷ്, വി.കെ.അനൂപ് എന്നിവര്‍ സംസാരിച്ചു.
മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ അനുമതിയില്ലാതെ തുക പിന്‍വലിച്ചതിന് ബോര്‍ഡ് നടപടി സ്വീകരിക്കുന്നുണ്ടെന്ന് അസി.കമ്മീഷണറും പിഷാരികാവ് ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസറുമായ കെ.കെ.പ്രമോദ് കുമാര്‍ അറിയിച്ചു. വിരമിച്ച എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യമാണെങ്കിലും കമ്മീഷണര്‍ അനുമതി നല്‍കുന്നതിന് മുമ്പ് തുക പിന്‍വലിച്ചതാണ് ആക്ഷേപത്തിന് ഇടയാക്കിയത്.