കൊയിലാണ്ടി മുത്താമ്പി റോഡിലെ മേല്‍പ്പാലത്തില്‍ ടോള്‍ പിരിവ് നിര്‍ത്തിയിട്ട് വര്‍ഷങ്ങളായെങ്കിലും ടോള്‍ ബൂത്ത് പൊളിച്ചു നീക്കാന്‍ ഒരു നടപടിയുമില്ല. റോഡിന്റെ മധ്യത്തില്‍ ഇരുമ്പ് കാല്‍ നാട്ടിയാണ് ടോള്‍ ബൂത്ത് നിര്‍മ്മിച്ചത്. ഇരുവശത്തും ആവശ്യത്തിന് വീതിയില്ലാത്തതിനാല്‍ വലിയ വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ ഇവിടെ വലിയ പ്രയാസമാണ്. ആര്‍.ബി.ഡി.സി അധികൃതരാണ് ടോള്‍ ബൂത്ത് പൊളിച്ചു നീക്കേണ്ടത്.
കൊയിലാണ്ടി താമരശ്ശേരി റോഡില്‍ ഇപ്പോഴും ടോള്‍ ബൂത്തുണ്ട്. ഒരേ പാലത്തില്‍ ഒരിടത്തും മാത്രം ടോള്‍ പിരിവും മറ്റൊരിടത്ത് ചുങ്കം പിരിവ് നിര്‍ത്തിയതും ഏത് നീതിയുടെ അടിസ്ഥാനത്തിലാണെന്ന ചോദ്യവും ഉയരുന്നുണ്ട്. മുത്താമ്പി റോഡില്‍ ടോള്‍ പിരിവ് നിര്‍ത്തിയിട്ട് ഏതാണ്ട് അഞ്ച് വര്‍ഷം കഴിഞ്ഞു. എന്നാല്‍ താമരശ്ശേരി ബാലുശ്ശേരി സംസ്ഥാന പാതയിലേക്ക് മേല്‍പ്പാലം വഴി പോകണമെങ്കില്‍ ടോള്‍ നിര്‍ബന്ധമായും നല്‍കണം. ഇവിടെ 24 മണിക്കൂറും മൂന്നോ നാലോ ജീവനക്കാര്‍ ടോള്‍ പിരിക്കാനുണ്ട്. കൊയിലാണ്ടി മേല്‍പ്പാലത്തിലെ മുഴുവന്‍ ടോള്‍ പിരിവും അവസാനിപ്പിക്കണമെന്നാണ് ജനകീയാവശ്യം. ടോള്‍ നല്‍കാനായി വാഹനങ്ങള്‍ നിര്‍ത്തിയിടുമ്പോള്‍ ഗതാഗത തടസം ഉണ്ടാവുന്നത് പതിവ് കാഴ്ചയാണ്.