കോഴിക്കോട് ബൈപാസിൽ വെങ്ങളം ജംഗ്ഷൻ മുതൽ രാമനാട്ടുകര ജംഗ്ഷൻ വരെ ആറു വരിപ്പാതയായി വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി കോഴിക്കോട്- ബാലുശ്ശേരി റോഡുകൾ ദേശീയ പാത 66ൽ ചേരുന്ന വേങ്ങേരി ജംഗ്ഷനിൽ നിർമിക്കുന്ന മേൽപ്പാലം സെപ്റ്റബർ ആദ്യവാരത്തോടെ ജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മേൽപ്പാലത്തിൻ്റെ പ്രവൃത്തി പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
കോഴിക്കോട്- ബാലുശ്ശേരി പിഡബ്ല്യുഡി റോഡിൻ്റെ ഭാവി വികസനം മുന്നിൽക്കണ്ട് വേങ്ങേരി ജംഗ്ഷനിൽ 45 മീറ്റർ വീതിയിലാണ് മേൽപ്പാലം നിർമ്മിക്കുന്നത്. ഇതിൻ്റെ വലതു ഭാഗത്തിൻ്റെ നിർമാണം 2023-ൽ തന്നെ പൂർത്തിയായി. എന്നാൽ ഇടതുവശത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾക്കായി കുഴിയെടുക്കുന്ന സമയത്ത് ഈ ഭാഗത്ത് കൂടി ഒരു പൈപ്പ് ലൈൻ കടന്നു പോകുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇതുമായി ബന്ധപ്പെട്ട പ്രവർത്തികൾ കൂടി പൂർത്തീകരിച്ചാണ് പാലം ജനങ്ങൾക്കായി തുറന്നു കൊടുക്കുന്നത്.
നേരത്തെ പ്രഖ്യാപിച്ച പോലെ അടുത്തവർഷം അവസാനത്തോടെ കാസർകോട് മുതൽ തിരുവനന്തപുരം വരെ 45 മീറ്റർ വീതിയിൽ ദേശീയപാത 66 ൻ്റെ വികസനം പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളും ദേശീയപാത അതോറിറ്റിയും പൊതുമരാമത്തെ വകുപ്പ് ഉൾപ്പെടെയുള്ള എല്ലാ വകുപ്പുകളും കൈകോർത്തുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. ദേശീയപാത യാഥാർത്ഥ്യമാക്കുന്നതിൽ ജനങ്ങളുടെ സഹകരണം എടുത്തു പറയേണ്ടതാണെന്നും മന്ത്രി പറഞ്ഞു
ദേശീയപാത വികസനം നടക്കുന്നത് കാരണം പലയിടങ്ങളിലും ഗ്രാമീണ റോഡുകളിലൂടെ ഉൾപ്പെടെ പതാഗതം തിരിച്ചു വിടേണ്ടി വന്നിട്ടുണ്ട്. ഇതോടൊപ്പം മഴ കൂടിയായതോടെ പലയിടങ്ങളിലും റോഡുകൾ പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. ഇക്കാര്യം ദേശീയപാത അതോറിറ്റിയുമായി സംസാരിച്ചിട്ടുണ്ടെന്നും മഴ കുറയുന്ന മുറയ്ക്ക് ഈ പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും മന്ത്രി അറിയിച്ചു. ദേശീയ പാത അതോറിറ്റി, പൊതുമരാമത്ത് വകുപ്പ്, കരാർ കമ്പനി ഉദ്യോഗസ്ഥരും സന്ദർശന വേളയിൽ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.