കഴക്കൂട്ടത്ത് കാണാതാതായ പെൺകുട്ടിയെ അമ്മ മർദിച്ചെന്ന പരാതിയിന്മേൽ റിപ്പോര്‍ട്ട് തേടി തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി.
കുട്ടിയുടെ ജീവിത സാഹചര്യം പരിശോധിക്കാന്‍ ഉദ്യോഗസ്ഥർക്ക് നിര്‍ദേശം നൽകിയതായി ചെയര്‍പേഴ്സണ്‍ ഷാനിബാ ബീഗം പറഞ്ഞു. വിശാഖപട്ടണത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം രണ്ടു ദിവസത്തിനകം കുട്ടി നാട്ടിലെത്തും. വിശാഖപട്ടണത്തെ ബാലികാ ഹോമിലാണ് കുട്ടി നിലവിലുള്ളത്.
കുട്ടിയോട് സംസാരിച്ച വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സന്റെ പ്രതികരണമിങ്ങനെ. കുട്ടിയെ അമ്മ മര്‍ദിച്ചിരുന്നെന്ന ആരോപണത്തില്‍ സിഡബ്ളുസി അന്വേഷണം നടത്തും. ആവശ്യമെങ്കില്‍ കുട്ടി അന്വേഷിച്ചിറങ്ങിയ മുത്തശനേയും മുത്തശിയേയും വിളിച്ചു വരുത്തും. മാതാപിതാക്കള്‍ക്ക് ഒപ്പം പോകാന്‍ താല്പര്യമില്ലെങ്കില്‍ ഏറ്റെടുത്ത് സംരക്ഷിക്കാനാണ് തീരുമാനം. കുട്ടിയെ കൂട്ടിക്കൊണ്ട് വരാന്‍ പോയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നാളെ കുട്ടിയെ കൈമാറും.
വിശാഖപട്ടണത്തെ മലയാളി അസോസിയേഷൻ പ്രതിനിധികളാണ് താംബരം എക്സ്പ്രസിൽ നിന്ന് 13കാരിയെ തിരിച്ചറിഞ്ഞ് അധികൃതരെ വിവരമറിയിച്ചത്. ആസാമിലെത്തി മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ നിന്ന് പഠനം തുടരണമെന്നാണ് കുട്ടിയുടെ ആഗ്രഹം. വീട്ടിൽ ഉപദ്രവം തുടർന്നതിനാലാണ് വീട് വിട്ട് ഇറങ്ങിയതെന്നും കുട്ടി വെളിപ്പെടുത്തി.
അതേസമയം, മകളെ കണ്ടെത്താൻ സഹായിച്ചതിൽ കേരളത്തിലെ ആളുകളോടും പൊലീസിനോടും നന്ദിയുണ്ടെന്ന് 13കാരിയുടെ മാതാപിതാക്കൾ പ്രതികരിച്ചു. കുട്ടി നന്നായിരിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട്. കുട്ടി വന്നതിന് ശേഷം അസമിലേക്ക് തിരിച്ച് പോകുമെന്നും അവർ അറിയിച്ചു. ചൊവ്വാഴ്ചയാണ് കഴക്കൂട്ടത്തെ വാടക വീട്ടിൽ നിന്നും അമ്മയുമായി പിണങ്ങി ഇറങ്ങിയ കുട്ടി, ട്രെയിൻ കയറി സ്വദേശമായ ആസാമിലേക്ക് പോകാൻ ശ്രമിച്ചത്.