മൂടാടി: വാഴ കൃഷിക്ക് വെല്ലുവിളി ഉയര്‍ത്തി പുഴു ശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കര്‍ഷകരെ സഹായിക്കാന്‍ മൂടാടി കാര്‍ഷിക കര്‍മ്മ സേന രംഗത്ത്. കാര്‍ഷിക കര്‍മ്മ സേനയിലെ പരിശീലനം ലഭിച്ച ടെക്‌നീഷ്യന്മാര്‍ പുഴു ശല്യം രൂക്ഷമായ സ്ഥലങ്ങളിലെത്തി കീടനാശിനി പ്രയോഗം നടത്തുന്നുണ്ട്. വാഴ ഒന്നിന് പതിനഞ്ച് രൂപ നിരക്കിലാണ് ഇതിന് പ്രതിഫലം ഈടാക്കുന്നതെന്ന് ടെക്‌നീഷ്യനായ എം.വി.ഗംഗാധരന്‍ പറഞ്ഞു. വിവിധയിടങ്ങളില്‍ നിന്ന് ഒട്ടെറെ വാഴ കര്‍ഷകര്‍ ഇവരുടെ സേവനമാവശ്യപ്പെട്ട് വിളിക്കുന്നുണ്ട്. രാവിലെയും വൈകീട്ടുമാണ് കീടനാശിനി പ്രയോഗം. എം.വി.ഗംഗാധരന്‍,ഗിരീഷ് കുമാര്‍,മിനി എന്നീ ടെക്‌നീഷ്യന്‍മാരാണ് കീടനാശിനി പ്രയോഗം നടത്തുന്നത്. പുഴു ശല്യം കാരണം വാഴ മൊത്തം നശിച്ചു പോകുന്ന അവസ്ഥയാണ്. കുലക്കാനായ വാഴകള്‍ പോലും പുഴു ശല്യം കാരണം നശിക്കുകയാണ്.
കര്‍ക്കിടകം,ചിങ്ങമാസങ്ങളിലാണ് വാഴത്തോട്ടങ്ങളില്‍ പുഴു ശല്യം കൂടി വരുന്നത്. തളിരിലകള്‍ പൂര്‍ണ്ണമായി പുഴുക്കള്‍ തിന്നൊടുക്കും. ഇതോടെ വാഴകള്‍ നശിക്കും.കന്നി,തുലാം മാസത്തോടെ പുഴുക്കള്‍ നശിച്ചു തുടങ്ങും. പുഴു ശല്യം കാരണം വാഴയിലകളില്‍ ഭക്ഷണം വിളമ്പാന്‍ പോലും കഴിയാത്ത അവസ്ഥയുണ്ട്. കളകള്‍ നീക്കം ചെയ്ത് തോട്ടം വൃത്തിയായി സൂക്ഷിക്കുകയാണ് പുഴു ശല്യത്തിനെതിരെയുളള പ്രധാന പ്രതിരോധ മാര്‍ഗ്ഗം.കീടബാധയുള്ള ഇലകള്‍ പറിച്ചെടുത്തോ, പുഴുക്കളെ കൂട്ടമായി കാണുന്ന ഇലഭാഗം മുറിച്ചെടുത്ത് തിയിലിട്ടോ നശിപ്പിക്കാം.എക്കാലക്‌സ് പോലുളള രാസ കിടനാശിനിയാണ് മൂടാടിയില്‍ പുഴു ശല്യത്തിനെതിരെ പ്രയോഗിക്കുന്നത്. ജൈവ രാസകീടനാശിനികള്‍ ഇലകളുടെ ഇരുവശത്തും, ഇലക്കവിളിലും, ചുവട്ടിലും നല്‍കണം വാഴത്തോട്ടത്തില്‍ കൂടുതലായി കണ്ടു വരുന്ന പുഴുക്കള്‍ മറ്റുവിളകള്‍ക്കും ഭീഷണിയായിട്ടുണ്ട്.