വിദ്യാർത്ഥികളിൽ പഞ്ചസാരയുടെ ഉപയോഗം കൂടുന്നത് പ്രതിരോധിക്കാൻ ‘ഷുഗർ ബോർഡ്’ ബോധവൽക്കരണ പദ്ധതിയുമായി ഭക്ഷ്യസുരക്ഷ വകുപ്പ്.
ഇടവേളകളിൽ കുട്ടികൾ കുടിക്കുന്ന ലഘുപാനീയങ്ങൾ വഴി 30 മുതൽ 40 ഗ്രാം വരെ പഞ്ചസാര ശരീരത്തിൽ അധികമായി എത്തുന്നു. ഇത് ഭാവിയിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ കാരണമാകും.
ലഘുപാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് സൂചിപ്പിക്കുന്ന ബോധവത്കരണ ബോർഡ് (ഷുഗർ ബോർഡ്) സ്കൂളുകളിൽ സ്ഥാപിച്ച് കുട്ടികളിൽ പഞ്ചസാരക്കെതിരെ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
ഭക്ഷ്യസുരക്ഷ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി നടക്കാവ് വൊക്കേഷണൽ ഹയർസെക്കന്റെറി സ്കൂളിൽ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്തു. ഇത്തരം ബോർഡുകൾ സ്കൂളുകളുമായി സഹകരിച്ച് ജില്ലയിലെ മുഴുവൻ ഹയർ സെക്കൻഡറി സ്കൂളുകളിലും സ്ഥാപിക്കാൻ ലക്ഷ്യമിടുന്നതായി ഭക്ഷ്യസുരക്ഷ അസിസ്റ്റൻറ് കമ്മീഷണർ എ സക്കീർ ഹുസൈൻ പറഞ്ഞു.
പരിപാടിയിൽ പ്രിൻസിപ്പാൾ ഗിരീഷ് കുമാർ, ഭക്ഷ്യസുരക്ഷ ഓഫീസർ അർജുൻ ജി എസ് എന്നിവർ സംസാരിച്ചു.
ഒരാൾക്ക് ഒരു ദിവസം പരമാവധി മൂന്നു ടീ സ്പൂൺ (15 ഗ്രാം) പഞ്ചസാരയാണ് ഐസിഎംആർ ശുപാര്‍ശ ചെയ്യുന്നത്. ഇത് രണ്ട് നേരത്തെ ചായയിലൂടെയോ പാനീയങ്ങളിലൂടെയോ ലഭിക്കും. എന്നാൽ ലഘുപാനീയങ്ങളിൽ 10 മുതൽ 15% വരെ പഞ്ചസാര കാണപ്പെടുന്നുവെന്നാണ് കണക്ക്.