കൊയിലാണ്ടി പുതിയ മാര്‍ക്കറ്റിലേക്ക് കടക്കുന്നിടത്തെ പപ്പടം വില്‍പ്പനക്കാരന്‍ ലത്തീഫിനെ അറിയാത്തവരായി ആരുമുണ്ടാവില്ല. മഴയത്തും വെയിലത്തും കുടയും ചൂടി സ്റ്റൂളില്‍ ഇരുന്ന് ദിവസവും മാടാക്കര രാരോത്ത് ലത്തീഫ് പപ്പടം വില്‍ക്കും. നൂറ്, നൂറ്റമ്പതോളം കെട്ട് പപ്പടം ലത്തീഫ് എന്നും കൊണ്ടു വരും. വൈകുന്നേരത്തോടെ മിക്കതും വിറ്റ് തീരും. കാട്ടില പീടികയില്‍ നിര്‍മ്മിക്കുന്ന അറഫാ പപ്പടമാണ് ലത്തീഫ് വില്‍ക്കുന്നത്. മാര്‍ക്കറ്റില്‍ ആളുകള്‍ കൂടുതല്‍ എത്തിയാല്‍ തന്റെ പപ്പട കച്ചടവും പൊടി പൊടിക്കുമെന്ന് ലത്തീഫ് പറഞ്ഞു. രണ്ടു വര്‍ഷത്തിലേറെയായി മാര്‍ക്കറ്റിലെക്കുള്ള വഴിയിലാണ് പപ്പട വില്‍പ്പന.
മതില്‍ ഇടിഞ്ഞു വീണ് കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് മറ്റ് പണിക്കൊന്നും പോകാനായില്ല. അങ്ങനെയാണ് കാട്ടിലപീടികയിലെ പപ്പട നിര്‍മ്മാതാവ് സുകുമാരനെ പരിചയപ്പെടുന്നത്. സുകുമാരനാണ് ലത്തീഫിന് വില്‍പ്പനയ്ക്കായി പപ്പടം നല്‍കുന്നത്. പായ്ക്കറ്റ് ഒന്നിന് 20 രൂപയ്ക്കാണ് പപ്പടം വില്‍ക്കുന്നത്. ഉഴുന്ന് മാവ്, നല്ലെണ്ണ, ഉപ്പ്, അരിപ്പൊടി എന്നിവയാണ് പപ്പടത്തിന്റെ ചേരുവകള്‍. കുറച്ച് പപ്പടക്കാരവും ചേര്‍ക്കും. ഉഴുന്ന് പരിപ്പിന്റെ വില വര്‍ദ്ധനവ് പപ്പട നിര്‍മ്മാണ മേഖലയെ ബാധിച്ചിട്ടുണ്ട്. തൊഴിലാളികളെ കിട്ടാത്തതും പപ്പട നിർമ്മാണ മേഖലയിലെ പ്രതിസന്ധിയാണ്.