കൊയിലാണ്ടി കുന്ന്യോറമലയിൽ ദേശീയപാത വികസന ത്തിന്റെ ഭാഗമായി
വീട് അപകടത്തിലായവരുടെ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച റിപ്പോർട്ട് ഓണത്തിന് മുമ്പ് ലഭ്യമാക്കാൻ തീരുമാനം. ഇതുമായി ബന്ധപെട്ടു വ്യാഴാഴ്ച കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല, കൊയിലാണ്ടി നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ട്, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
കുന്ന്യോറമലയിൽ വലിയ രീതിയിൽ മണ്ണിടിഞ്ഞതിനാൽ ഇരുവശത്തുമായി 19 വീടുകൾ അപകടത്തിൽ ആണെന്നാണ് പ്രാഥമിക കണക്ക്. വീടുകളുടെ എണ്ണം മൂന്നോ നാലോ കൂടിയേക്കും. ശാശ്വത പരിഹാരം എന്ന നിലയിൽ ഈ വീടുകൾ ഉൾപ്പെടുന്ന ഭൂമി ദേശീയപാത അതോറിറ്റി വില നൽകി ഏറ്റെടുക്കുന്ന കാര്യം സംബന്ധിച്ച റിപ്പോർട്ടാണ് ഓണത്തിന് മുൻപ് നൽകാൻ അതോറിറ്റിയോട് ആവശ്യപ്പെട്ടത്. റിപ്പോർട്ട് ലഭിച്ചശേഷം ഭൂമി ഉടമകളുമായി ചർച്ച നടത്തും.
അതുവരെ ഈ കുടുംബങ്ങൾക്ക് വാടകവീട്ടിൽ കഴിയാൻ കുടുംബമൊന്നിന് പ്രതിമാസം 8,000 രൂപ നിരക്കിൽ ദേശീയപാത അതോറിറ്റി നൽകും. മൂന്ന് കുടുംബങ്ങൾക്ക് ഇതിനകം തന്നെ വാടക നൽകിവരുന്നുണ്ട്.
സ്ഥലത്തെ ന്യായവില സംബന്ധിച്ച് വില്ലേജ് ഓഫീസറും ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകും.
കുന്ന്യോറമലയിലെ പ്രശ്നത്തിന് ശാശ്വത പരിഹാരമായി ഭൂമി ഏറ്റെടുക്കുന്നതിന് പുറമെ കുന്നിടിഞ്ഞ സ്ഥലത്ത് റീട്ടെയ്ൻ വാൾ നിർമ്മാണം, സ്ലോപ് നിർമ്മാണം എന്നീ പ്രവൃത്തികളും നടത്തും.
കൊയിലാണ്ടി വിയ്യൂർ ചോർച്ചപാലത്തിനടുത്ത് കെഎസ്ഇബി സബ്സ്റ്റേഷന് വേണ്ടി നഗരസഭ കണ്ടെത്തിയ സ്ഥലത്ത് റാമ്പ് നിർമ്മിക്കാമെന്നും യോഗത്തിൽ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു.
യോഗത്തിൽ കൊയിലാണ്ടി വാർഡ് കൗൺസിലർ കെ എം സുമതി, ഡെപ്യൂട്ടി കളക്ടർമാരായ
ഷാമിൽ സെബാസ്റ്റ്യൻ, എസ് സജീദ്, കൊയിലാണ്ടി നഗരസഭ സെക്രട്ടറി ഇന്ദു ശിവശങ്കരി, കൊയിലാണ്ടി തഹസിൽദാർ കെ ഷിബു, പന്തലായനി വില്ലേജ് ഓഫീസർ എം ദിനേശൻ, ദേശീയപാത അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടർ അശുതോഷ് സിൻഹ തുടങ്ങിയവർ പങ്കെടുത്തു.