പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജസ്‌ന ജയിംസിനെ കണ്ട വിവരം വെളിപ്പെടുത്താന്‍ വൈകിയതില്‍ കുറ്റബോധമുണ്ടെന്ന് മുണ്ടക്കയത്തെ ലോഡ്ജ് ജീവനക്കാരി. സി.ബി.ഐയ്ക്ക് മുന്നില്‍ മൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു ലോഡ്ജ് ജീവനക്കാരി മാധ്യമങ്ങളോട് സംസാരിച്ചത്. രണ്ടര മണിക്കൂര്‍ കൊണ്ടാണ് സി.ബി.ഐ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്.
ഇവര്‍ ജോലി നോക്കിയിരുന്ന ലോഡ്ജിന് സമീപത്ത് നിന്നായിരുന്നു ജസ്നയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നത്. പത്രത്തിലെ ചിത്രം കണ്ടാണ് ജസ്നയെ തിരിച്ചറിഞ്ഞതെന്ന് ജീവനക്കാരി പറഞ്ഞു. രാവിലെ 11.30ഓടെയായിരുന്നു ജസ്നയോട് സാദൃശ്യമുള്ള പെണ്‍കുട്ടിയെ കണ്ടത്. വെളുത്തു മെലിഞ്ഞ രൂപമായിരുന്നു. തലമുടിയില്‍ എന്തോ കെട്ടിയിരുന്നു. ടെസ്റ്റ് എഴുതാന്‍ പോവുകയാണെന്നും സുഹൃത്ത് വരാനുണ്ടെന്നുമാണ് പെണ്‍കുട്ടി പറഞ്ഞിരുന്നത്. ഉച്ചയോടെ ഒരു യുവാവ് എത്തി. പിന്നാലെ നാല് മണി കഴിഞ്ഞ് ഇരുവരും ലോഡ്ജില്‍ നിന്ന് പോയി.
അതേസമയം ജീവനക്കാരിയുടെ വാദം തള്ളി ലോഡ്ജ് ഉടമ രംഗത്ത്. ആരോപണമുയര്‍ത്തിയ സ്ത്രീ ലോഡ്ജില്‍ ലൈംഗിക തൊഴില്‍ നടത്തിയിരുന്നു. ഇത് എതിര്‍ത്തതിലുള്ള വൈരാഗ്യമാണ് ഇപ്പോഴത്തെ ആരോപണത്തിനുള്ള കാരണമെന്നും ഉടമ ബിജു പറഞ്ഞു.