കൊയിലാണ്ടി നഗരത്തിലും സമീപ പഞ്ചായത്തുകളിലും കുടിവെളളമെത്തിക്കാനുളള പദ്ധതിക്കായി പന്തലായനി കോട്ടക്കുന്നില്‍ നിര്‍മ്മിച്ച ജലസംഭരണിയില്‍ നേരിയ ചോര്‍ച്ച. പന്തലായനി കോട്ടക്കുന്നില്‍ 2016-17 കാലഘട്ടത്തിലാണ് 17 ലക്ഷം ലിറ്റര്‍ വെളളം സംഭരിക്കാന്‍ ശേഷിയുളള വലിയ ടാങ്ക് കോട്ടക്കുന്നില്‍ നിര്‍മ്മിച്ചത്. ഏതാനും ദിവസം മുമ്പാണ് ജലസംഭരണിയിലെ ചോര്‍ച്ച സമീപവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ജലസംഭരണിയുടെ നാല് ഭാഗത്തും ചെറിയ തോതില്‍ വെള്ളം കനിയുന്നുണ്ട്. വിവരമറിഞ്ഞ് വാട്ടര്‍ അതോറിറ്റി അസി.എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ കെ.ജഗനാഥ് ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ജലസംഭരണിയിലെ ചോര്‍ച്ച സുരക്ഷിതമായി അടച്ച് ഭീഷണി ഒഴിവാക്കണമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ കെ.എം.സുമതി ആവശ്യപ്പെട്ടു.
നിര്‍മ്മാണം പൂര്‍ത്തിയായ ജലസംഭരണിയില്‍ നിറയെ വെള്ളം അടിച്ചു കയറ്റിയിട്ടുണ്ട്. ഈ വെള്ളത്തിന്റെ സമ്മര്‍ദ്ദം കൊണ്ട് ഇത്തരം ചെറിയ ചോര്‍ച്ചകള്‍ ഉണ്ടാവുന്നതെന്നും ഇത് സ്ഥിരമായി സംഭവിക്കുന്നതാണെന്ന് കെ.ഡബ്ലു എ അധികൃതർ പറഞ്ഞു. നഗരസഭയിലെ മൂന്നിടത്തും ടാങ്ക് നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ചത് വാട്ടര്‍ അതോറിറ്റി കോഴിക്കോട് പ്രോജക്ട് ഡിവിഷനാണ്. പ്രോജക്ട് ഡിവിഷന്‍ ഉദ്യോഗസ്ഥരും ഇതേ കുറിച്ച് വിവരം തേടിയിട്ടുണ്ട്. സിമിന്റുപയോഗിച്ച് ഗ്രൗട്ടിംങ്ങ് നടത്തിയാല്‍ തീരാവുന്ന വിഷയമാണിതെന്ന് എഞ്ചിനിയര്‍മാര്‍ പറഞ്ഞു.