ഇന്ത്യ എംപോക്‌സിനെതിരെ ജാഗ്രത ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ വാക്‌സിന്‍ വികസിപ്പിക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. വാക്‌സിന്‍ നിര്‍മാണ ഘട്ടത്തിലാണെന്നും ഒരു വര്‍ഷത്തിനുള്ളില്‍ പുറത്തിറക്കാനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാല പറഞ്ഞു. യുഎസ് കമ്പനിയായ നോവ വാക്‌സുമായി ചേര്‍ന്നാണ് എംപോക്‌സിനെതിരെ എംആര്‍എന്‍എ വാക്‌സിന്‍ വികസിപ്പിക്കുന്നത്.
എംപോക്‌സ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ആഗോള ആരോഗ്യ അടിയന്തരാവസ്ഥ കണക്കിലെടുത്ത് അപകടത്തിലായേക്കാവുന്ന ദശലക്ഷക്കണക്കിന് ജീവനുകള്‍ രക്ഷപ്പെടുത്തുന്നതിനായാണ് എംപോക്‌സിനെതിരെ വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമം സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നടത്തുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ ഇക്കാര്യത്തില്‍ നല്ല വാര്‍ത്തകള്‍ പങ്കുവെക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് അദാര്‍ പൂനാവാല പറഞ്ഞു.
ഓര്‍ത്തോപോക്‌സ് വൈറസ് വിഭാഗത്തിലെ ഒരു സ്പീഷീസായ മങ്കിപോക്‌സ് വൈറസ് മൂലമുണ്ടാകുന്ന വൈറസ് ബാധയാണ് മങ്കിപോക്‌സ്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും എംപോക്‌സ് പകരാം. അണ്ണാന്‍, എലികള്‍, വിവിധ ഇനം കുരങ്ങുകള്‍ എന്നിവയുള്‍പ്പെടെ നിരവധി മൃഗങ്ങളില്‍ എംപോക്‌സ് വൈറസ് അണുബാധയുടെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.
രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങള്‍, ശരീര സ്രവങ്ങള്‍, ശ്വസന തുള്ളികള്‍, കിടക്ക പോലുള്ള വസ്തുക്കള്‍ എന്നിവയുമായുള്ള അടുത്ത സമ്പര്‍ക്കം, രോഗം ബാധിച്ചയാളുമായുള്ള ലൈംഗിക ബന്ധം എന്നിവയിലൂടെ എംപോക്‌സ് വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരും. റിപ്പബ്ലിക് ഓഫ് കോംഗോയില്‍ പൊട്ടിപ്പുറപ്പെട്ട മങ്കിപോക്‌സ് അതിവേഗം മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിച്ചതോടെയാണ് ലോകാരോഗ്യ സംഘടന ജാഗ്രതാ നിര്‍ദേശവും അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചത്.