സി.പി.എം സമ്മേളനങ്ങള്‍ സെപ്റ്റംബർ ഒന്നു മുതൽ ആരംഭിക്കും. തമിഴ്‌നാടിലെ മധുരയില്‍ ഏപ്രില്‍ രണ്ട് മുതല്‍ അഞ്ച് വരെ നടക്കുന്ന 24ാമത് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നോടിയായിട്ടാണ് കീഴ് ഘടകങ്ങളിലെ സമ്മേളനങ്ങള്‍ ആരംഭിക്കുന്നത്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ 30 വരെ ബ്രാഞ്ച് സമ്മേളനങ്ങളാണ് നടക്കുക. സംസ്ഥാനത്ത് മൊത്തം അമ്പതിനായിരത്തിലേറെ ബ്രാഞ്ച് കമ്മിറ്റികളാണ് നിലവിലുളളത്. കോഴിക്കോട് ജില്ലയില്‍ 4500 ഓളം ബ്രാഞ്ച് കമ്മിറ്റികളാണുള്ളത്. ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയായാലുടൻ ലോക്കല്‍ സമ്മേളനങ്ങളിലേക്ക് കടക്കും. ഒക്ടോബര്‍ ഒന്ന് മുതല്‍ 31 വരെയാണ് ലോക്കല്‍ സമ്മേളനങ്ങള്‍.
ജില്ലയില്‍ 270 ലോക്കല്‍ കമ്മിറ്റികളാണ് ഉളളത്. നവംബര്‍ മാസം ഏരിയാ സമ്മേളനങ്ങള്‍ വിവിധയിടങ്ങളില്‍ നടക്കും. ജില്ലയില്‍ 16 ഏരിയാ കമ്മിറ്റികളാണ് സി.പി.എമ്മിനുളളത്. കോഴിക്കോട് സൗത്ത്,കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് ടൗണ്‍, ഫറോക്ക്, കുന്നമംഗലം, തിരുവമ്പാടി, താമരശ്ശേരി, ബാലുശ്ശേരി, പേരാമ്പ്ര, കുന്നുമ്മല്‍, നാദാപുരം,ഒഞ്ചിയം, വടകര, പയ്യോളി, കൊയിലാണ്ടി, കക്കോടി എന്നീ ഏരിയാ കമ്മിറ്റികളാണ് നിലവിലുളളത്. കൊയിലാണ്ടി ഏരിയാ സമ്മേളനം നവംബര്‍ ഒമ്പത്, പത്ത് തിയ്യതികളില്‍ ചേമഞ്ചേരി പൂക്കാടിൽ നടക്കും. ഏരിയാ സമ്മേളനങ്ങള്‍ പൂര്‍ത്തിയായാല്‍ 14 ജില്ലകളിലും ജില്ലാ സമ്മേളനങ്ങള്‍ നടക്കും. കോഴിക്കോട് ജില്ലാ സമ്മേളനം ജനുവരി 25, 26, 27 തിയ്യതികളില്‍ വടകരയിലാണ് നടക്കുക. സംസ്ഥാന സമ്മേളനം ഇത്തവണ കൊല്ലം ജില്ലയില്‍ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ഫെബ്രുവരി മാസമാണ് സംസ്ഥാന സമ്മേളനം. എന്നാല്‍ തിയ്യതി നിശ്ചയിച്ചിട്ടില്ല. പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ രണ്ട് മുതല്‍ അഞ്ച് വരെ മധുരയിലാണ്.
ബ്രാഞ്ച് മുതല്‍ രണ്ട് വട്ടം സെക്രട്ടറിയായവരെ കമ്മിറ്റികളുടെ ചുമതലകളില്‍ നിന്നു മാറ്റാനാണ് തീരുമാനം. എന്നാല്‍ അനിവാര്യമായിടത്ത് മൂന്നാമത് ഒരു വട്ടം കൂടി ഇവരെ പരിഗണിക്കുകയും ചെയ്യും. യുവാക്കളെയും വനിതകളെയും മതന്യൂനപക്ഷങ്ങളിൽ പെട്ടവരെയും നേതൃസ്ഥാനത്തേക്ക് കൂടുതലായി കൊണ്ടുവരാന്‍ പാര്‍ട്ടി ആലോചിക്കുന്നുണ്ട്. കഴിഞ്ഞ സമ്മേളനകാലം മുതലാണ് വനിതകളെ കൂടുതലായി ബ്രാഞ്ച് ലോക്കല്‍ സെക്രട്ടറിമാരാക്കി കൊണ്ടുളള പരീക്ഷണത്തിന് സി.പി.എം മുതിര്‍ന്നത്. കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പുതുമുഖം വരും. സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എം.എല്‍.എയുമായ എ.പ്രദീപ് കുമാറോ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.മെഹബൂബോ സെക്രട്ടറിയാവും.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ കനത്ത തോല്‍വി സമ്മേളനങ്ങളില്‍ പ്രധാന ചര്‍ച്ചയാകും. പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും സി.പി.എം സ്ഥാനാര്‍ത്ഥികള്‍ക്കുണ്ടായ വന്‍ വോട്ട് ചോര്‍ച്ച സമ്മേളനത്തില്‍ ഗൗരവതരമായ ചര്‍ച്ചകള്‍ക്ക് തിരികൊടുക്കും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എളമരം കരിം മത്സരിച്ച കോഴിക്കോടും, കെ.കെ.ശൈലജ മത്സരിച്ച വടകര മണ്ഡലത്തിലും കനത്ത തോല്‍വിയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഏറ്റുവാങ്ങിയത്. അടുത്ത വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്ന കോര്‍പ്പറേഷന്‍, നഗരസഭ,പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ ശക്തമായ തിരിച്ചുവരവാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഇതിനനുസരിച്ച് പ്രവര്‍ത്തകരെ സജ്ജമാക്കുകയെന്ന വലിയൊരു ലക്ഷ്യം കൂടി പാര്‍ട്ടി സമ്മേളനങ്ങള്‍ക്കുണ്ട്. കോഴിക്കോട് ജില്ലയില്‍ സി.പി.എമ്മിന്റെ കോട്ടകളായ പല പഞ്ചായത്തുകളിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വന്‍ മുന്നേറ്റമാണ് നടത്തിയത്. ബി.ജെ.പിയുടെ മുന്നേറ്റവും സി.പി.എം സമ്മേളനങ്ങളില്‍ പ്രധാന ചര്‍ച്ചയാവും.