അത്തോളി കൂമുള്ളി പുത്തഞ്ചേരി റോഡിൽ കടുവയെ പോലെ തോന്നിക്കുന്ന ജീവിയെ കണ്ടുവെന്ന പരിസരവാസികളുടെ വെളിപ്പെടുത്തലിനെ തുടർന്ന് പ്രദേശത്ത് അധികൃതർ ക്യാമറ സ്ഥാപിച്ചു. സമീപത്തെ വീടിന് മുന്നിൽ കടുവയെ പോലെ തോന്നിക്കുന്ന മൃഗത്തെ കണ്ടുവെന്നു നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശത്ത് വനപാലകർ വ്യാപകമായി തിരച്ചിൽ നടത്തി . എന്നാൽ കടുവയുടെ സാന്നിധ്യമൊന്നും കണ്ടെത്താനായില്ല. പ്രദേശവാസികളുടെ ആശങ്ക നില നിൽക്കുന്ന സാഹചര്യത്തിൽ ജില്ലാ ഫോറസ്റ്റ് ഓഫീസറുടെ നിർദ്ദേശ പ്രകാര മാണ് ക്യാമറ ട്രാപ്പ് ( സെൻസർ ക്യാമറ ) സ്ഥാപിച്ചത്. പെരുവണ്ണാമൂഴി റെയിഞ്ച് ഓഫീസർ എൻ. കെ പ്രഭീഷും താമരശ്ശേരി ആർ ആർ ടി ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ഷാജീവും സ്ഥലത്തെത്തി
തിങ്കളാഴ്ച രാത്രി 11. 30 ഓടെ യാണ് കൂമുള്ളി വായനശാല – പുത്തഞ്ചേരി റോഡിലെ വീടിന്റെ ഗെയിറ്റിന് സമീപത്തായി കടുവയെ കണ്ടുവെന്നാണ് പരിസരവാസി അത്തോളി പോലീസിൽ അറിയിച്ചത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെ കക്കയം ഫോറസ്റ്റ് ഉദ്യോഗസ്ഥ സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. പുലർച്ചെ നാല് വരെ സംഘം പരിസരത്ത് തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല ഇതോടെയാണ് ചൊവ്വാഴ്ച രാവിലെ 10 മണിയോടെ വീണ്ടും പരിശോധന തുടങ്ങിയത്. ക്യാമറട്രാപ്പ് തോട്ടത്തിൽ പറമ്പിലും കരിങ്കാളികോട്ട പരിസരത്തുമായാണ് സ്ഥാപിച്ചത്. പ്രത്യേക തരം ലെൻസ് ഉപയോഗിച്ചുള്ള ക്യാമറയാണ് സെൻസർ ക്യാമറ . ചെറിയ അനക്കം പോലും ക്യാമറയിൽ പതിയും .
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ റിജേഷ് , വാർഡ് മെമ്പർ ബൈജു കൂമുള്ളി തുടങ്ങിവരും സ്ഥലത്ത് എത്തിയിരുന്നു.