കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധിയുടെ 80ാം ജന്മദിനം – സദ്ഭാവന ദിനമായി ആചരിച്ചു. കൊയിലാണ്ടി സി.കെ.ജി സെൻ്ററിൽ രാജീവ് ഗാന്ധിയുടെ സ്മൃതി ചിത്രത്തിൽ നടത്തിയ പുഷ്പാർച്ചനയ്ക്കും ദേശീയോദ്ഗ്രഥന പ്രതിജ്ഞയ്ക്കു ശേഷം സദ്ഭാവന സംഗമം കെ.പി.സി.സി മെമ്പർ സി.വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ആധുനിക ഇന്ത്യയുടെ കുതിപ്പിന് കരുത്ത് പകരാൻ യുവാക്കളുടെ സർഗ്ഗശേഷിയെ പ്രയോജനപ്പെടുത്താൻ ഒട്ടേറെ നടപടികൾ സ്വീകരിച്ച സാരഥിയായിരുന്നു രാജീവ് ഗാന്ധി എന്ന് അദ്ദേഹം പറഞ്ഞു. പ്രായപൂർത്തി വോട്ടവകാശം 21 വയസ്സിൽ നിന്ന് 18 ആക്കി കുറയ്ക്കാനും കമ്പ്യൂട്ടർവൽക്കരണത്തിലൂടെ ആധുനിക ഇന്ത്യയുടെ ഭാവ പകർച്ച ലോകത്തിനു സമ്മാനിക്കാനും അദ്ദേഹം സ്വീകരിച്ച നടപടികൾ ശ്ലാഘനീയമായിരുന്നു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടിൻ്റെ ചുമതല വഹിക്കുന്ന കെ.പി.സി.സി മെമ്പർ രത്നവല്ലി ടീച്ചർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ അഡ്വക്കേറ്റ് കെ വിജയൻ, രാജേഷ് കീഴരിയൂർ, മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് വി.വി സുധാകരൻ, കൂമുള്ളി കരുണാകരൻ, കെ.പി.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ, നടേരി ഭാസ്കരൻ, ശ്രീജ റാണി, റീന കെ.വി, ഷീബ അരീക്കൽ, തൻഹീർ കൊല്ലം എന്നിവർ സംസാരിച്ചു. ചെറുവക്കാട്ട് രാമൻ സ്വാഗതവും ഇ.കെ പ്രജേഷ് നന്ദിയും അറിയിച്ചു.