മംഗളൂരുവിലെ പ്ലാന്റിൽനിന്ന് കേരളത്തിലേക്ക് പാചകവാതക സിലിണ്ടർ എത്തിക്കുന്ന ലോറി ഡ്രൈവർമാർ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ മലബാർ മേഖലയിലെ പാചകവാതക സിലിണ്ടർ വിതരണം നിലച്ചു. കണ്ണൂർ തളിപ്പറമ്പിൽ സ്വകാര്യ പാചക വാതക ഫില്ലിങ് സ്റ്റേഷനിൽ നിന്ന് സിലിണ്ടറുകളുമായി പോകുന്ന വാഹനങ്ങൾ സമരാനുകൂലികളായ തൊഴിലാളികൾ തടഞ്ഞു. കണ്ണൂർ മേഖലയിൽ ഉൾപ്പെടുന്ന കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ പാചകവാതക വിതരണമാണ് നാല് ദിവസമായി തടസ്സപ്പെട്ടത്.
വേതന വർധന ഉടമ്പടി നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികൾ വെള്ളിയാഴ്ച മുതൽ പണിമുടക്ക് തുടങ്ങിയത്. സ്വാതന്ത്ര്യദിനമായതിനാൽ വ്യാഴാഴ്ചയും വിതരണം നടന്നിരുന്നില്ല. മംഗളൂരുവിനടുത്തുള്ള സൂറത്കലിൽനിന്ന് ദിവസേന 240 ട്രക്കുകളാണ് വിവിധ കമ്പനികളുടെ പാചകവാതകം നിറച്ച സിലിണ്ടറുകളുമായി മഞ്ചേശ്വരം അതിർത്തി കടന്ന് സംസ്ഥാനത്തെത്തുന്നത്.
സാധാരണ ലോറികളിൽ 342ഉം വലിയ ലോറികളിൽ 500 സിലിണ്ടറുകളുമാണ് ലോഡ് ചെയ്യുന്നത്. ദിവസേന ഒരു ലക്ഷത്തോളം സിലിണ്ടറുകളാണ് ജില്ലകളിലെ വിവിധ വിതരണ ഏജൻസികളിൽ എത്തിക്കൊണ്ടിരുന്നത്. ജൂൺ ഏഴിന് ലേബർ കമീഷനർ മുമ്പാകെയുണ്ടാക്കിയ കരാർ നടപ്പാക്കാത്തതാണ് പണിമുടക്കിന് വഴിവെച്ചതെന്നും സി.ഐ.ടി.യു, ബി.എം.എസ് എന്നീ യൂണിയനുകളുടെ പിന്തുണ സമരത്തിനുണ്ടെന്നും വേതനക്കരാർ പുതുക്കുന്നതിന് അനുകൂല നിലപാട് സ്വീകരിച്ച ഹിന്ദുസ്ഥാൻ പെട്രോളിയം ഏജൻസികളുടെ വാഹനങ്ങൾ സർവിസ് തുടങ്ങിയതായും സംയുക്ത സമരസമിതി പ്രവർത്തകർ അറിയിച്ചു.