വിവിധ രാജ്യങ്ങളില്‍ എംപോക്സ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കേരളത്തിലേക്ക് ഒട്ടേറെ രാജ്യാന്തര യാത്രക്കാര്‍ എത്തുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തും ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
രാജ്യാന്തര യാത്ര ചെയ്യുന്നവരും അവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 2022 ജൂലൈ 14 ന് കേരളത്തില്‍ എംപോക്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനാണ് രോഗ ലക്ഷണം കണ്ടെത്തിയത്. ചികിത്സയെ തുടര്‍ന്ന് ഇയാള്‍ രോഗമുക്തി നേടിയിരുന്നു.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എംപോക്‌സ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ അവസ്ഥ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തി. ഇന്ത്യയില്‍ നിലവില്‍ എംപോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും രോഗം പടരുന്നത് തടയാനും നിയന്ത്രിക്കാനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വരും ദിവസങ്ങളില്‍ വിദേശത്തു നിന്നെത്തുന്നവരില്‍ രോഗം സ്ഥിരീകരിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെങ്കിലും ഇന്ത്യയില്‍ വിലയ രീതിയില്‍ രോഗം പടര്‍ന്നു പിടിക്കാനുള്ള സാധ്യത നിലവില്‍ ഇല്ലെന്ന് മന്ത്രാലയം വിലയിരുത്തി.