കീഴരിയൂര്‍-തുറയൂര്‍ പഞ്ചായത്തുകളിലെ നൂറുകണക്കിനാളുകളുടെ ജീവന് ഭീഷണിയായ തങ്കമല ക്വാറിയിലെ ഖനനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാകുന്നു. സി.പി.എം കീഴരിയൂര്‍, തുറയൂര്‍ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ക്വാറിക്കെതിരെ നടത്തുന്ന റിലേ നിരാഹാര സമരം നാലാം നാളിലേക്ക് എത്തി.
ക്വാറി ഖനനത്തിന് സ്റ്റേറ്റ് ലെവല്‍ എന്‍വയര്‍മെന്റ് ഇന്‍പാക്റ്റ് അസസ്മെന്റ് അതോറിറ്റി നല്‍കിയ അനുമതിയില്‍ നിര്‍ദ്ദേശിച്ച വ്യവസ്ഥകള്‍ ലംഘിച്ചു കൊണ്ടാണ് ഖനനം നടത്തുന്നതെന്ന് സി.പി.എം കുറ്റപ്പെടുത്തി.
പാറ ഖനനത്തിന്റെ ഭാഗമായി ജനവാസ കേന്ദ്രത്തിന്റെ തൊട്ടു മുകള്‍ ഭാഗത്തായി വലിയ ഗര്‍ത്തം രൂപപ്പെട്ടിരിക്കയാണ്. ഇത് കാരണം പ്രദേശം ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണെന്ന് സി.പി.എം കുറ്റപ്പെടുത്തി. ക്വാറിയില്‍ നിന്നുളള മലിനജലം തങ്കമലയുടെ താഴ് വാരത്തിലൂടെയുള്ള കുറ്റ്യാടി ഇറിഗേഷന്‍ കനാലിലേക്ക് ഒഴുക്കി വിടുന്നതിനാല്‍ കിലോമീറ്ററുകളോളം വിസ്തൃതിയില്‍ കുടിവെള്ളവും മലിനമാകുന്നു. സ്‌ഫോടനത്തിന്റെ ആഘാതം കാരണം പരിസരത്തുള്ള വീടുകള്‍ക്ക് നാശം സംഭവിക്കുന്നു. ഖനനാനുമതിയില്‍ നിര്‍ദേശിച്ച വ്യവസ്ഥകളുടെ ലംഘനം കാരണം ക്വാറിയുടെ പരിസരപ്രദേശത്ത് ജനവാസം സാധ്യമല്ലാതാക്കിയിരിക്കയാണ്. അതിനാല്‍ പാറഖനനത്തിന് നല്‍കിയ അനുമതി ഉടന്‍ പിന്‍വലിക്കുന്നതിനും ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനുമുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സി.പി.എം സമരം.
തങ്കമലയോര സംരക്ഷണ സമിതി കണ്‍വീനറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനപ്രകാരം പഞ്ചായത്ത് സെക്രട്ടറി ജില്ലാ കലക്ടറോട് എന്‍വയോണ്‍മെന്റെല്‍ ക്ലിയറന്‍സില്‍ നിര്‍ദ്ദേശിച്ച വ്യവസ്ഥകള്‍ ലംഘനം സംബന്ധിച്ച് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഒരു നടപടിയും ഇതുവരെ എടുത്തിട്ടില്ല. ക്വാറിയുടെ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന വീടുകളുടെ സുരക്ഷിതത്വത്തിനായി ക്വാറി ഉടമകള്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് സി.പി.എം കുറ്റപ്പെടുത്തി. ക്വാറിയില്‍ രൂപപ്പെട്ട വന്‍ഗര്‍ത്തം മണ്ണിട്ട് നികത്തുന്നതിനുള്ള യാതൊരു പ്രവര്‍ത്തനവും നടത്തുന്നില്ലെന്ന് സമരസമിതി ചെയര്‍മാന്‍ വി.ഹമീദ് കണ്‍വീനര്‍ പി.കെ.ബാബു എന്നിവര്‍ പറഞ്ഞു.
പ്രക്ഷോഭത്തിന്റെ ഭാഗമായി കീഴരിയൂര്‍ വില്ലേജ് ഓഫീസിലേക്ക് സി.പി.എം മാര്‍ച്ച് നടത്തിയിരുന്നു.ഓഗസ്റ്റ് 15 മുതല്‍ ക്വാറി പരിസരത്ത് അനിശ്ചിതകാല നിരാഹാര സമരവും തുടങ്ങി. ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ റിലേ നിരാഹാര സമര പന്തലില്‍ എത്തി . കഴിഞ്ഞ ദിവസം കീഴരിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിര്‍മല,തുറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരീഷ് എന്നിവര്‍ റിലേ നിരാഹാര സമരത്തിന് നേതൃത്വം നല്‍കി.