കൊയിലാണ്ടി ടൗണിൽ നിന്നും ഉൾനാടുകളിലേക്കുള്ള യാത്ര ദുരിതമയമാകുന്നു സന്ധ്യ മയങ്ങിയാൽ കടുത്ത യാത്രാക്ലേശത്തിൽ അമരുകയാണ് മിക്ക ഗ്രാമങ്ങളും. ബസ് സർവീസ് നിലവില്ലാത്തതിനാൽ വിദ്യാർത്ഥികളും വിവിധ തൊഴിലുകൾക്കായി പോകേണ്ടവരും കടുത്ത ദുരിതം അനുഭവിക്കുകയാണ്.
മുമ്പ് ജനകീയ ബസ് സർവീസ് നടത്തിയ മേഖലകളിൽ പോലും ഇപ്പോൾ ബസ്സുകൾ ഓടുന്നില്ല. കൊയിലാണ്ടി എളാട്ടേരി ചേലിയ ഭാഗത്തേക്കും കൊയിലാണ്ടി മുചുകുന്ന് കൊടക്കാട്ടുമുറി ഭാഗത്തേക്കും പെരുവട്ടൂർ നടേരിക്കടവ് മേഖലയിലും ബസ് സർവീസുകൾ നിലച്ചിട്ട് കാലങ്ങളായി. കൊയിലാണ്ടി കുറുവങ്ങാട് തീപ്പെട്ടി കമ്പനി റൂട്ടിൽ വലിയ യാത്രാക്ലേശമുള്ള സ്ഥലമാണ്. ഈ റൂട്ടിൽ മുമ്പ് ബസ് സർവീസ് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ബസ്സുകൾ ഓടുന്നില്ല. നല്ല നിലവാരത്തിലുള്ള റോഡാണ് തീപ്പെട്ടി കമ്പനി എളാട്ടേരി റോഡ്. കൊയിലാണ്ടി മുചുകുന്ന് കൊടക്കാട്ട് മുറി ഭാഗത്തേക്കും നേരത്തെ ബസ് സർവീസ് ഉള്ളത് ഇപ്പോൾ നിലച്ചു. കൊയിലാണ്ടി പെരുവട്ടൂർ നടേരിക്കടവ് വിയ്യൂർ ഭാഗത്തേക്കും മുമ്പ് ബസ് സർവീസ് ഉണ്ടായിരുന്നു റോഡ് തകർച്ച കാരണം ആ റൂട്ടിലും ബസ് സർവീസ് ഇല്ല.
കൊയിലാണ്ടി മുത്താമ്പി വൈദ്യരങ്ങാടി ആഴാവിൽ താഴ, എളയിടത്ത് മുക്ക്, പറേച്ചാൽ ക്ഷേത്രം, കാവുംവട്ടം മൂഴിക്കു മീത്തൽ റൂട്ടിൽ ജനകീയ ബസ് സർവീസ് ഏതാനും വർഷം മുമ്പ് നടത്തിയിരുന്നു. എന്നാൽ റോഡ് തകർച്ചയും മറ്റും കാരണം ഈ ബസ് സർവീസ് മുടങ്ങി. ഇപ്പോൾ ഈ റൂട്ടിൽ ഒരൊറ്റ ബസും സർവീസ് നടത്തുന്നില്ല. 10 കോടി രൂപയിൽ കൂടുതൽ ചെലവഴിച്ച് ഈ റോഡ് പുനരുദ്ധരിച്ചിട്ടുണ്ടെങ്കിലും ബസ് സർവീസ് ഇല്ലാത്തത് കാരണം റോഡ് സൗകര്യം നാട്ടുകാർക്ക് പ്രയോജനപ്പെടുന്നില്ല. മുത്താമ്പി ഒറ്റക്കണ്ടം കാവുംവട്ടം റൂട്ടിലും മുമ്പ് രണ്ട് ബസുകൾ സർവീസ് നടത്തിയിരുന്നെങ്കിലും ഇപ്പോൾ ഒരു ബസും സർവീസ് നടത്തുന്നില്ല. കൊയിലാണ്ടി മുത്താമ്പി നടേരിക്കടവ് മഠത്തിൽ താഴെ കീഴരിയൂർ റൂട്ടിലും ഒരൊറ്റ ബസ്സാണ് ഇപ്പോൾ സർവീസ് നടത്തുന്നത്.