കൊയിലാണ്ടി കൊല്ലം കുന്ന്യോറമലയിൽ മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് മാറ്റിപ്പാർപ്പിച്ച ഇരുപതോളം കുടുംബങ്ങൾ ഇപ്പോഴും കൊല്ലം ഗുരുദേവാ കോളേജിലെ ദുരിതാശ്വാസക്യാമ്പിൽ. മുപ്പതോളം കുടുംബങ്ങളെയാണ് മാറ്റിത്താമസിപ്പിച്ചിരുന്നത്.
ഇതിൽ ഏതാനും പേർ വീട്ടിലും ക്യാമ്പിലുമായി കഴിയുന്നു. നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമാണത്തിന് കുത്തനെ കുന്നിടിച്ച കുന്ന്യോറമല യിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുകയാണ്. മഴ കനക്കുന്നതോടെ വീണ്ടും മണ്ണിടിയുമെന്നാണ് ഇവരുടെ ഭീതി. ജൂലായ് 30 മുതലാണ് ഗുരുദേവ കോളേജിൽ ദുരിതാശ്വാസക്യാമ്പ് തുടങ്ങിയത്. പല സന്നദ്ധസംഘടനകളുടെയും സഹായത്തോടെയാണ് ക്യാമ്പ് നടത്തിക്കൊണ്ടു പോകുന്നതെന്ന് നഗരസഭാ കൗൺസിലർ കെ.എം. സുമതി പറഞ്ഞു.
കുന്ന്യോറമലയിൽ അപകടഭീഷണി നിലനിൽക്കുന്ന സ്ഥലം ദേശീയപാതാ അധികൃതർ സ്ഥലമുടമകൾക്ക് നഷ്ടപരിഹാരം നൽകി ഏറ്റെടുക്കണമെന്നാണ് ആവശ്യം. ഇത് സംബന്ധിച്ച് ചില നടപടികൾ തുടങ്ങിയതായാണ് വിവരം. സ്ഥലം ഏറ്റെടുക്കുന്നതോടെ ഇവിടെ താമസിക്കുന്നവർ പുതിയ വീട് ലഭിക്കുന്നതുവരെ വാടക വീടുകളിലേക്ക് താമസം മാറേണ്ടി വരും.