വടകരയിലെ വിവാദമായ കാഫിർ സ്ക്രീൻ ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ വാട്സ് ആപ് ഗ്രൂപ്പുകളിലെന്ന പൊലീസ് കണ്ടെത്തലില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍. കാഫിർ പ്രയോഗത്തിലെ സത്യം വ്യക്തമായതിൽ സന്തോഷമുണ്ടെന്ന് ഷാഫി പറമ്പില്‍ എം പി. ഇത്തരം ഒരു പ്രവർത്തി ചെയ്തിട്ടില്ലെന്നും ചെയ്യിപ്പിച്ചിട്ടില്ലെന്നും അന്ന് തന്നെ പലയാവർത്തി പറഞ്ഞതാണ്. ജനങ്ങൾക്ക് ഇക്കാര്യത്തിൽ ഒരു സംശയവും ഉണ്ടായിരുന്നില്ല. സി പി എമ്മിലെ പ്രമുഖ നേതാക്കൾ പോലും തെരഞ്ഞെടുപ്പ് ആയുധമായി ഇത് പ്രയോഗിച്ചിരുന്നു.
വിവാദത്തിനു പിന്നില്‍ അടിമുടി സിപിഐഎമ്മുകാരാണ്, പക്ഷെ എന്തുകൊണ്ടോ അവരെ പ്രതികളാക്കുന്നില്ല. നിയമനടപടി തുടരും. വർഗീയത ഉപയോഗിച്ച് ജയിക്കുന്നതിലും നല്ലത് തോൽക്കുന്നതാണ്. ഇന്നലെയും ഇന്നും നാളെയും ഇത്തരം കാര്യം ചെയ്യില്ല. സിപിഐഎം പ്രവർത്തകർ തന്നെ ഇതിനെ എതിർക്കണം. പോരാളിമാരുടെ മുഖം തെളിഞ്ഞു വരുന്നത് നല്ലതാണ്. ആരുടേയും ഒറ്റ ബുദ്ധിയിൽ തോന്നിയതായി എനിക്ക് തോന്നുന്നില്ല. പാർട്ടി പങ്കുള്ളതിനാൽ അന്വേഷണം വൈകുന്നുവെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.
സ്ക്രീൻഷോട്ട് തെറ്റാണെന്ന് തിരിച്ചറിഞ്ഞ വടകരക്കാർക്ക് നന്ദി പറയുന്നുവെന്നും ഷാഫി പറമ്പിൽ പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുതലേന്നാണ് പോരാളി ഷാജി , അമ്പാടിമുക്ക് സഖാക്കൾ കണ്ണൂർ തുടങ്ങിയ ഇടത് ഫേസ് ബുക്ക് പേജുകളിൽ വ്യാജ കാഫിർ ഷോർട്ട് പ്രചരിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട ലീഗ് പ്രവർത്തകനായ മുഹമ്മദ് ഖാസിമിനെ പ്രതിയാക്കുകയും ചെയ്തു. ഇതിനെതിരെ ഖാസിം നൽകിയ ഹർജിയിലാണ് ഇപ്പോൾ ഹൈക്കോടതിയിൽ പൊലീസിന്‍റെ അന്വേഷണ പുരോഗതി റിപ്പോർട്ട് എത്തിയത്. റെഡ് എൻകൗണ്ടേഴ്സ്, റെഡ് ബറ്റാലിയൻ എന്നീ വാട്സ് അപ് ഗ്രൂപ്പുകളിൽ നിന്നാണ് പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ തുടങ്ങിയ ഫേസ് ബുക് പേജുകളിലേക്ക് വ്യാജ സ്ക്രീൻ ഷോർട്ട് എത്തിയത് എന്നാണ് കണ്ടെത്തൽ.
തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ഘട്ടം വന്നപ്പോഴാണ് ഇത്തരം ഒന്ന് തനിക്ക് നേരെ പ്രയോഗിച്ചതെന്നും ഇതൊക്കെ നേരത്തെ മനസ്സിലായിരുന്നതുകൊണ്ട് തന്നെ ഇപ്പോൾ അമിതമായ ആഹ്ലാദം ഒന്നും ഇല്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ജയിക്കാൻ ഏതു മാർഗവും സ്വീകരിക്കുന്ന രീതിയാണ് സി പി എമ്മിന്റേത്. പോരാളിമാരുടെ പങ്ക് പുറത്തു വന്നതിൽ സന്തോഷം. എന്നാൽ ഈ പ്രയോഗം നടത്തിയവരെ പാർട്ടി തള്ളി പറയുകയാണ്. എന്നാൽ പല പ്രമുഖരും ഈ പോസ്റ്റ് ഷെയർ ചെയ്തവരാണ്. മറ്റു പാർട്ടിയിലെ ആരെങ്കിലുമായിരുന്നെങ്കിൽ പോലീസ് ഇങ്ങനെ ആകുമോ പ്രതികരിക്കുക എന്നും ഷാഫി ചോദിച്ചു.