പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച താരങ്ങള്‍ നാട്ടില്‍ തിരിച്ചെത്തി. പാരിസിലെ വെങ്കലമെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനും മലയാളിയുമായ പി ആര്‍ ശ്രീജേഷ് അടക്കമുള്ള താരങ്ങള്‍ ഇന്ന് രാവിലെയാണ് ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്. ഡല്‍ഹി വിമാനത്താവളത്തിലെത്തിയ താരങ്ങള്‍ക്ക് രാജകീയ സ്വീകരണമാണ് നല്‍കിയത്.
മനസ്സുനിറയ്ക്കുന്ന സ്വീകരണമാണെന്ന് ശ്രീജേഷ് പ്രതികരിച്ചു. ‘വളരെ സന്തോഷമുണ്ട്. ഇതുപോലെ ഗംഭീര സ്വീകരണം ലഭിച്ചതില്‍ മനസ്സുനിറഞ്ഞിരിക്കുകയാണ്. രാജ്യത്തിന് വേണ്ടി മെഡല്‍ നേടി തിരിച്ചെത്തുമ്പോള്‍ ഇത്തരത്തില്‍ ലഭിക്കുന്ന സ്വീകരണമാണ് ഏതൊരു അത്ലറ്റിനെ സംബന്ധിച്ചും വലുത്’, ശ്രീജേഷ് മാധ്യമങ്ങളോട് പറഞ്ഞു.



