കൊല്ലം : മുപ്പതുവര്‍ഷങ്ങള്‍ക്കു ശേഷം ശ്രീകണ്ഠന്‍ നായര്‍ തന്റെ വീട്ടിലെത്തി. അത് ആറടിമണ്ണിലേക്ക് മടങ്ങാന്‍ മാത്രമായിരുന്നു. മറിച്ചൊരു വരവിനായിരുന്നു കൊട്ടാരക്കര നെടുവത്തൂര്‍ കിഴക്കേക്കര പുത്തന്‍വീട്ടിലെ സഹോദരങ്ങള്‍ കാത്തിരുന്നത്. എന്തായാലും അച്ഛനും അമ്മയും അന്ത്യനിദ്രകൊള്ളുന്ന മണ്ണില്‍ അവര്‍ക്കരികില്‍ത്തന്നെയടക്കി അവര്‍ അന്ത്യകര്‍മങ്ങളെല്ലാം ചെയ്തു. നാട്ടുകാരില്‍ പഴയ തലമുറയ്ക്ക് ഓര്‍മ്മകളുണര്‍ത്തിയ വരവായിരുന്നു അത്. പുതിയ തലമുറയ്ക്കാകട്ടെ ഇങ്ങനെയൊരു പത്രപ്രവര്‍ത്തകന്‍ ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നല്ലോ എന്ന കൗതുകവും.
കൊയിലാണ്ടി നഗരസഭാ സാംസ്‌ക്കാരികനിലയത്തില്‍ ആരോരുമറിയാതെ ഒറ്റപ്പെട്ടു ജീവിച്ച ശ്രീകണ്ഠന്‍ നായര്‍, അസുഖബാധിതനായതിനെ തുടര്‍ന്നാണ് നഗരസഭാധികൃതരും ആത്മസുഹൃത്തായ മുചുകുന്ന് ഭാസ്‌ക്കരനും ഇടപെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാക്കിയത്. ശനിയാഴ്ച മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. പത്രവാര്‍ത്തയെ തുടര്‍ന്നാണ് മരിച്ചത് പ്രമുഖ പത്രപ്രവര്‍ത്തകനാണെന്ന് പലരുമറിയുന്നത്. ഇതോടെ നഗരസഭാധികൃതര്‍ ബന്ധുക്കളുടെ നമ്പര്‍ പത്രപ്രവര്‍ത്തകരിലൂടെ സംഘടിപ്പിച്ചു, അവരെ ബന്ധപ്പെടുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ശ്രീകണ്ഠന്‍ നായരുടെ ബന്ധുക്കള്‍ മെഡിക്കല്‍ കോളേജിലെത്തി മൃതദേഹം ഏറ്റുവാങ്ങി കൊട്ടാരക്കരയിലേക്ക് കൊണ്ടു പോകുകയായിരുന്നു.
ശ്രീകണ്ഠൻ നായർ പഴയ ചിത്രം
കൊല്ലം കൊട്ടാരക്കര നീലേശ്വരം നെടുവത്തൂര്‍ കിഴക്കേക്കര പുത്തന്‍ വീട് ശ്രീകണ്ഠന്‍ നായര്‍ (69) ഡല്‍ഹിയില്‍ ഇംഗ്ലീഷ് പത്രപ്രവര്‍ത്തകനായിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കെ എ.കെ.ആന്റണിയുടെ ഉറ്റ അനുയായി. കെ.എസ്.യു കൊല്ലം ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി എന്നിങ്ങനെ രാഷ്ട്രീയത്തില്‍ തിളങ്ങി. മികച്ച പ്രസംഗകന്‍, പൊളിറ്റിക്‌സില്‍ വലിയ ജ്ഞാനം. ഈ പ്രതിഭ തൊട്ടറിഞ്ഞ എ.കെ.ആന്റണിയാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ അഡ്മിഷന്‍ വാങ്ങി കൊടുത്തത്. അതിന് ശേഷം ഡല്‍ഹി തട്ടകമാക്കി. കേരള സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ പി.ജി. ഒന്നാം റാങ്കോടെ പാസായതാണ്. എവിടെയും ഉറച്ചുനില്‍ക്കാത്തൊരു പ്രകൃതമായിരുന്നു ശ്രീകണ്ഠന്‍ നായരുടെത്. റഷ്യന്‍ പത്രമായ പ്രവ്ദ, ഇന്ത്യന്‍ എക്‌സ്പ്രസ് എന്നിവയില്‍ ജോലി ചെയ്തു. ഒരു പബ്ലിഷിങ് കമ്പനിയില്‍ എഡിറ്ററായിരുന്നു. പിന്നീട് മനേകാഗാന്ധിയുടെ സൂര്യ എന്ന മാഗസിനിലായിരുന്നു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയടക്കമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളെ ഇന്‍ര്‍വ്യു ചെയ്തു വാര്‍ത്തകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഒരുപാട് അവസരങ്ങള്‍ തേടിവന്നു. എല്ലാം ഇട്ടെറിഞ്ഞ് നാട്ടിലേക്ക് മടക്കം.
പത്ര പ്രവര്‍ത്തനം അവസാനിപ്പിച്ച ശേഷം കാസര്‍ഗോഡ് കാഞ്ഞങ്ങാട് ആനന്ദാശ്രമത്തില്‍ ദീര്‍ഘകാലം അന്തേവാസിയായിരുന്നു. പിന്നീട് 2007 മുതല്‍ 2012 വരെ കല്പറ്റയിലേയും സുല്‍ത്താന്‍ ബത്തേരിയിലേയും മലബാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. അടുത്ത കാലം വരെ കൊയിലാണ്ടിയില്‍ പബ്ലിക് ലൈബ്രറിയില്‍ പി.എസ്.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ഇംഗ്ലീഷ് വിഷയത്തില്‍ ക്ലാസുകളെടുത്തിരുന്നു. അവിവാഹിതനായ ഇദ്ദേഹം കുടുംബവുമായി ഒരു ബന്ധവും പുലര്‍ത്തിയിരുന്നില്ല.
പത്രത്തിലെ ചരമ കോളത്തിലെ ശ്രീകമ്ഠന്‍ നായരുടെ ചരമവാര്‍ത്ത കണ്ടപ്പോഴാണ് പഴയ കൂട്ടുകാരനായ ഡല്‍ഹിയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എ.ജെ.ഫിലിപ്പ് ആളെ ഓര്‍ത്തത്. ‘ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ പത്രപ്രവര്‍ത്തകനായി ചേര്‍ന്ന 1973-ലാണ് ഞാന്‍ ശ്രീകണ്ഠന്‍ നായരെ പരിചയപ്പെടുന്നത്. പിന്നെ നല്ല കൂട്ടായി. കൊട്ടരക്കരക്കര ശ്രീധരന്‍ നായരെക്കുറിച്ചുള്ള കഥകളിങ്ങനെ പറയുമായിരുന്നു. പിന്നെ ആര്‍.ബാലകൃഷ്ണപിള്ളയുടെ കുടുംബത്തെപ്പറ്റിയും. ഞാന്‍ ഡല്‍ഹി വിട്ടതില്‍ പിന്നെ ബന്ധം ഇല്ലാതായി. സംസാരത്തില്‍ എപ്പോഴും കൊട്ടാരക്കരയും അതിനോടുള്ള ബന്ധവും വളരെ ആഴത്തില്‍ കടന്നുവരാറുള്ളതോര്‍ക്കുന്നു. അങ്ങനെയുള്ള അദ്ദേഹം ആ നാട്ടില്‍നിന്ന് ഏറെദൂരെയുളള കൊയിലാണ്ടിയിലെത്തിയതും അവിടെവെച്ച് മരിച്ചതുമെല്ലാം മറ്റൊരു കഥപോലെ തോന്നുന്നു’.
തിങ്കളാഴ്ച കൊട്ടാരക്കരയിലെ മണ്ണില്‍ ശ്രീകണ്ഠന്‍ നായര്‍ അവസാന യാത്രയാകുമ്പോള്‍ ഡല്‍ഹിയിലെ മലയാളി പത്രപ്രവര്‍ത്തന പ്രതാപത്തിന്റെ ഒരു കണ്ണികൂടിയാണ് ഇല്ലാതാകുന്നത്. ഇദ്ദേഹത്തിന്റെ സഹോദരന്‍ മന്മദന്‍ നായര്‍ കൊല്ലത്തെ അറിയപ്പെടുന്ന സി.പി.ഐ നേതാവാണ്.