ഉരുൾപൊട്ടലുണ്ടായ വാണിമേൽ ഗ്രാമപഞ്ചായത്തിലെ വിലങ്ങാടും സമീപപ്രദേശങ്ങളിലും
ശാസ്ത്രീയ പഠനം നടത്താനും തുടർതാമസം സാധ്യമാകുമോ എന്ന് കാര്യം പരിശോധിച്ച് വിശദ റിപ്പോർട്ട് സമർപ്പിക്കാനുമായി ചുമതലപ്പെടുത്തിയ വിദഗ്ധ സംഘം തിങ്കളാഴ്ച പരിശോധന തുടങ്ങി.കോഴിക്കോട് ജില്ലാ ജിയോളജിസ്റ്റ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ, ജില്ലാ ഹൈഡ്രോളജിസ്റ്റ്, ഹസാർഡ് അനലിസ്റ്റ്,
പൊതുമരാമത്ത് വകുപ്പ് (കെട്ടിട വിഭാഗം) അസിസ്റ്റൻറ് എഞ്ചിനീയർ, വാണിമേൽ ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് എഞ്ചിനീയർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തുന്നത്. ആഗസ്റ്റ് 20 നുള്ളിൽ സംഘം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകും. ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും ദുരന്തബാധിത മേഖലകൾ സംഘം സന്ദർശിക്കും.നേരത്തെ ആഗസ്റ്റ് ആറിന് ഹസാർഡ് അനലിസ്റ്റ്, ജില്ലാ മണ്ണ് സംരക്ഷണ വകുപ്പ്, ജില്ലാ ജിയോളജിസ്റ്റ് എന്നിവർ സംയുക്തമായി പരിശോധന നടത്തി പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു.