കിരൺ കെ എസിന്റെ തിരക്കഥയിൽ അമൽ മോഹൻ സംവിധാനം ചെയ്ത്, കിരൺ കെ എസ്, കിഷോർ കെ എസ്, ശശീന്ദ്രൻ കെ , ജയശ്രീ കെ എന്നിവർ ചേർന്ന് നിർമ്മിച്ച ഇടങ്ങൾ എന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. സൈന മൂവീസിലൂടെ യൂട്യൂബിൽ റിലീസ് ചെയ്ത ചിത്രം ആയിരങ്ങളാണ് ഇതിനോടകം കണ്ടത്.
ഗ്രാമത്തിലെ പെൺകുട്ടികൾക്ക് കായിക പരിശീലനത്തിന് ഒരു ഇടം വേണമെന്ന സമകാലികപ്രസക്തമായ വിഷയമാണ് ചിത്രത്തിൻെറ പ്രമേയം. ക്രിക്കറ്റ് കളിക്കണമെന്ന മകളുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ഇറങ്ങിപ്പുറപ്പെട്ട അച്ഛനും അമ്മയും നേരിടുന്ന ധർമ്മ സങ്കടങ്ങളും അപമാനങ്ങളും പ്രതിസന്ധികളും പ്രേക്ഷകനെ ഇരുത്തി ചിന്തിപ്പിക്കും വിധം സിനിമയിൽ മനോഹരമായി ആവിഷ്ക്കരിക്കരിച്ചിരിക്കുന്നു.
മഹേഷിന്റെ പ്രതികാരം, മിന്നൽ മുരളി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അച്യുതാനന്ദനാണ് കേന്ദ്ര കഥാപാത്രമായ അച്ഛനെ അവതരിപ്പിച്ചത്. അമ്മയായി വേഷമിട്ട അമ്പിളി സുനിൽ പുതിയ മമ്മൂട്ടി ചിത്രമായ കാതലിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ്. ഖദീജ നൗഷാദ്, ബാപ്പു, അബ്ദുൽ ജലീൽ, അജയ്, ജിഷ്ണുഗോപാൽ, പാർത്ഥിവ് ,ആദിത്യൻ, ശ്രീജിത്ത് സദാനന്ദൻ, അശ്വിൻ ഡാനിയൽ, രാധാകൃഷ്ണൻ പെരിങ്ങോട് എന്നിവരാണ് മറ്റു അഭിനേതാക്കൾ.
അസോസിയേറ്റ് ഡയറക്ടർ അഭിജിത്ത് സര്യ, അസിസ്റ്റൻറ് ഡയറക്ടർ ടോണി റോൺ, സംഗീതം ഫെബിൻ തോമസ്, ചായാഗ്രഹണം അൽഫാസ് ജഹാംഗീർ. നല്ല സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ഈ ഹ്രസ്വചിത്രത്തിന് ലഭിക്കുന്നത്. സംവിധായകനായ അമൽ മോഹൻ കൊയിലാണ്ടി വിയ്യൂർ സ്വദേശിയാണ്.