സാജിദ് മനക്കൽ
കുറച്ചു കാലം കൂടി ജീവിച്ചിരുന്നുവെങ്കിൽ ജോൺ എബ്രഹാം ഇന്ത്യൻ സിനിമയിൽ അത്ഭുതം സൃഷ്ടിക്കുമായിരുന്നു. വിരലിൽ എണ്ണാവുന്ന ചിത്രങ്ങളാണ് നിർമിച്ചതെങ്കിലും ജനകീയ സിനിമ എന്താണെന്ന് ജോൺ ആസ്വാദകരെ പരിചയപ്പെടുത്തി. ജോൺ എബ്രഹാമിന്റെ 87-ാം ജന്മദിനമാണ് ഇന്ന്.
എന്റെ സഹജീവികളുമായി സംവേദനം നടത്താൻ ഞാൻ തിരഞ്ഞെടുത്ത മാധ്യമമാണ് സിനിമ. ക്യാമറയുടെ ഭാഷയാണ് സിനിമ. എന്റെ സിനിമയിലൂടെ എന്നെത്തന്നെയാണ് നിങ്ങൾ കാണുന്നത്. എന്റെ ആകുലതകൾ, സംശയങ്ങൾ, വിശ്വാസങ്ങൾ.- ജോൺ എബ്രഹാം
അനശ്വരനായ ജോൺ
ആലപ്പുഴ ചേന്നങ്കരിയിലെ പടവുപുരക്കൽ-വാഴക്കാട് കുടുംബത്തിലെ വി ടി എബ്രഹാമിന്റെയും കോട്ടയം അടിമത്ര സാറാമ്മയുടെയും ഏഴുമക്കളിൽ നാലാമനായി 1937 ആഗസ്റ്റ് 11ന് ജോൺ എബ്രഹാം ജനിച്ചു. വ്യവസ്ഥാപിത ജീവിത ശൈലികളെയും താൽപര്യങ്ങളെയും യൗവനത്തിലെ തള്ളിക്കളഞ്ഞ പ്രതിഭ. എല്ലാവരും നേരെയിരിക്കുമ്പോൾ താൻ അൽപം ചെരിഞ്ഞേ ഇരിക്കൂ എന്ന് അദ്ദേഹം നിർബന്ധം പിടിച്ചു. എൽ ഐ സിയിൽ ജോലി ഉപേക്ഷിച്ചാണ് പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമ പഠിക്കാൻ പോയത്. 1969-ൽ സ്വർണ മെഡലോടെ സിനിമ സംവിധാനത്തിൽ ഡിപ്ലോമ കരസ്ഥമാക്കി. ഇൻസ്റ്റിറ്റ്യൂട്ടിലെ ഡിപ്ലോമ ചിത്രമായ അരമണിക്കൂർ ദൈർഘ്യമുള്ള പ്രിയ ആണ് ആദ്യ ചിത്രം. പിന്നീട് ഫിലിം ഡിവിഷനുവേണ്ടി മറ്റൊരാൾ ചെയ്യേണ്ടിയിരുന്ന ഹിമാലയത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി സംവിധാനം ചെയ്തു. പ്രശസ്ത ഹിന്ദി ചലച്ചിത്രകാരനായ മണി കൗളിന്റെ ഉസ്കി റോട്ടിയിൽ പ്രവർത്തിച്ചു. ഡൽഹിയിൽ വെച്ച് മണിയും ജോണുമാണ് ഇതിന്റെ തിരക്കഥ തയ്യാറാക്കിയത്. സിനിമയിൽ ഭിക്ഷക്കാരന്റെ റോളിൽ അഭിനയിക്കുകയും ചെയ്തു. അനുഷ്ഠാന കലയായ തെയ്യത്തെക്കുറിച്ചുള്ള കളിയാട്ടം എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തു. കയ്യൂർ, ജോസഫ് എന്ന പുരോഹിതൻ, നന്മയിൽ ഗോപാലൻ, ഇ എം എസിനെക്കുറിച്ചുള്ള ഡോക്യുമെന്ററി എന്നിവ ജോണിന്റെ നടക്കാതെ പോയ സംരംഭങ്ങളാണ്. ഫോർട്ട് കൊച്ചിയിൽ നിരവധി കലാകാരന്മാരെ അണിനിരത്തി അവതരപ്പിച്ച നായ്ക്കളി എന്ന എന്ന തെരുവു നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്.
പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിനിമ പഠനം കഴിഞ്ഞ് വരുമ്പോൾ ജോൺ വല്ലാതെ മാറിയിരുന്നു. ശരീര ഭാഷയിലും വസ്ത്ര ധാരണത്തിലുമൊക്കെ മറ്റൊരാളായി മാറി. നീട്ടിയ മുടിയും താടിയും പരുക്കൻ ജീൻസുമൊക്കെയായി മുമ്പെങ്ങും കണ്ടിട്ടില്ലാത്ത മറ്റൊരു മനുഷ്യൻ. മദ്യപാനം ഒരു ശീലമാക്കിയിരുന്നു. ജോൺ ധിക്കാരിയും നിഷേധിയും വിപ്ലവകാരിയുമായിരുന്നെങ്കിൽ അത് സിനിമയിലൂടെയായിരുന്നു. ജീവിതത്തെയും കലയെയും സംബന്ധിച്ച മഹത്തായ ചില പാഠങ്ങൾ ജോൺ മലയാളികളെ പഠിപ്പിക്കുകയുണ്ടായി. സിനിമയെ സാമൂഹികമായ ഉത്തരവാദിത്തത്തോടെ ജനകീയമാക്കേണ്ടതുണ്ട് എന്ന ആശയമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. പ്രമേയപരമായി പ്രതിബദ്ധതയുടെയും പുരോഗമനത്തിന്റെയും നാട്യങ്ങൾ പുലർത്തുമ്പോഴും, കലാപരമായി നിലവാരമില്ലാത്ത കച്ചവട സിനിമകൾ സൃഷ്ടിക്കുന്ന സാംസ്കാരിക മലിനീകരണത്തെ ജോൺ ശക്തമായി എതിർത്തു. ജോണിന്റെ ആദ്യ സൃഷ്ടിയായ അഗ്രഹാരത്തിലെ കഴുത ഒരു പരീക്ഷമായിരുന്നു. യാഥാസ്ഥിതികത്വത്തിന്റെ ദുർഗമായ ഒരിടത്തിൽ വിപ്ലവത്തിന്റെ അഗ്നിസ്ഫുലിംഗങ്ങൾ സൃഷ്ടിച്ച ഒന്നായിരുന്നു അത്. ജോണും സക്കറിയയും കോയമ്പത്തൂരിലെ അഗ്രാഹാരങ്ങളിലൂടെ നടത്തിയ യാത്രകളാണ് ഈ സിനിമയുടെ ആശയത്തിന്റെ ഉദ്ഭവത്തിന് കാരണമായത്. ഇന്നും ഇന്ത്യൻ സിനിമയിലെ ക്ലാസിക്കുകളിലൊന്നായി അഗ്രഹാരത്തിലെ കഴുത കരുതപ്പെടുന്നു.
കലാപരമായ സത്യസന്ധതയും ധിഷണാപരമായ ധിക്കാരവും മാത്രമായിരുന്നു ജോണിന്റെ മൂലധനം. രണ്ടാമത്തെ ജോൺ സിനിമയായ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ നാടുവാഴി ദുഷ്പ്രഭുത്വത്തിന്റെ പിന്തുടർച്ചക്കാരായ ഭൂവുടമകളുടെ അക്രമങ്ങൾക്കെതിരെയുള്ള പോരാട്ടമായിരുന്നു. ജന്മിത്വത്തിനും പൗരോഹിത്യത്തിനുമെതിരെ കലാപമുയർത്തുന്ന സർഗ സൃഷ്ടി കൂടിയായിരുന്നു അത്. ജോണിന്റെ ഏറ്റവും മൗലികമായ രചന. അവസാന ചിത്രമായ അമ്മ അറിയാനിലെത്തുമ്പോഴേക്കും മൂലധനാധിഷ്ഠിതമായ സിനിമ വ്യവസായത്തെ ഒന്നടങ്കം വെല്ലുവിളിച്ച്, സാധാരണ ജനങ്ങളിൽ നിന്നും പണം ശേഖരിച്ച് ജോൺ സിനിമയുടെ ചരിത്രത്തിനൊരു പുതിയ അധ്യായമെഴുതി. വിതരണത്തിലെ കുത്തകയെ അവഗണിച്ച് തെവോരങ്ങളിലും ചന്തകളിലും പൊതുസ്ഥലങ്ങളിലും സാധാരണക്കാർക്കിടയിൽ സിനിമ പ്രദർശിപ്പിക്കപ്പെട്ടു. അങ്ങനെ മലയാളത്തിലെ ആദ്യത്തെ ജനകീയ സിനിമയുടെ പിതാവായി ജോൺ എബ്രാഹാം അറിയപ്പെട്ടു. 1986-ൽ ആണ് അമ്മ അറിയാൻ പുറത്തിറങ്ങിയത്. ഒരു നക്സലേറ്റ് യുവാവിന്റെ മരണത്തെ തുടർന്നുണ്ടായ സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഡോക്യുമെന്ററി ശൈലിയിലുള്ള സൃഷ്ടിയായിരുന്നു അത്. മലയാളത്തിലെ ആദ്യത്തെ ഉത്തരാധുനിക സിനിമയായി അമ്മ അറിയാൻ വിലയിരുത്തപ്പെടുന്നു. 1980-കളിലെ കേരളീയ രാഷ്ട്രീയ യാഥാർത്ഥ്യങ്ങളുടെ കണ്ണാടി കൂടിയാണ് ഈ സിനിമ. പുരുഷ ജീവിതങ്ങൾ നേരിടുന്ന ഏതൊരു പ്രശ്നവും അമ്മമാരെ അറിയിക്കണമെന്നും അവരിൽ നിന്നും ഉണ്ടാകുന്ന പ്രതികരണങ്ങൾ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമാവുമെന്നും എന്ന ജോണിന്റെ ചിന്തയുടെ ഫലം കൂടിയാണ് ഈ സിനിമ.
വിദ്യാർത്ഥികളെ ഇതിലേ ഇതിലേ എന്ന മറ്റൊരു സിനിമയും ജോൺ നിർമിച്ചിരുന്നു. ഇതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഫീച്ചർ സിനിമ. സ്കൂൾ മുറ്റത്ത് സ്ഥാപിച്ചിരുന്ന പ്രതിമ കുട്ടികൾ കളിക്കുമ്പോൾ പന്തുതട്ടി ഉടയുകയും കുട്ടികൾ പണം പിരിച്ച് വീണ്ടും പ്രതിമയുണ്ടാക്കി സ്ഥാപിക്കുന്നതുമാണ് ചിത്രത്തിലെ ഇതിവൃത്തം. കുട്ടികൾ വീണ്ടും കളിക്കുകയും പ്രതിമ വീണ്ടും ഉടയുകയും ചെയ്യുന്നതാണ് ക്ലൈമാക്സ്. ജോൺ എന്ന വിഗ്രഹ ഭഞ്ജകനിലെ പ്രതിഭയുടെ പ്രതിഫലനമാണ് ഈ ചിത്രം.
ചലച്ചിത്രാധീശത്വത്തിലെ പല വേലിക്കെട്ടുകളും തകർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നവർക്ക് ജോൺ ഒരു മാതൃകയും പരീക്ഷണശാലയുമാണ്. മുഖ്യധാരാ ചലച്ചിത്ര സങ്കൽപങ്ങളിൽ നിന്നും വഴിതെറ്റി നടക്കുകയും ജനങ്ങളിൽ നിന്നും പണം പിരിച്ച് ജനകീയ സിനിമകൾ നിർമിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. സങ്കീർണവും സ്നേഹരഹിതവുമായ ഇരുണ്ട കാലത്ത് അനീതിയുടെയും മനുഷ്യ സേനേഹത്തിന്റെയും കഥ പറഞ്ഞ ജോണിന്റെ ജീവിതം ഇന്നും ഒരു സാമൂഹ്യ പാഠമാണ്. നിർമിച്ച ചലച്രിത്രങ്ങളെക്കാൾ, സിനിമയെന്ന മാധ്യമത്തിൽ അദ്ദേഹം നടത്തിയ രാഷ്ട്രീയ ഇടപെടലുകൾക്കാണ് പ്രാധാന്യം. കോഴിക്കോട് കേന്ദ്രീകരിച്ച് സ്ഥാപിച്ച ഒഡേസ ഫിലിം സൊസൈറ്റിയുടെ തുടക്കകാരിൽ ഒരാളായിരുന്നു ജോൺ. മലയാള സഹിത്യത്തിലെ ചെറുകഥാകൃത്ത് കൂടിയായിരുന്നു ജോൺ. നേർച്ചക്കോഴി, മരണാനന്തരം, ജോൺ എബ്രഹാമിന്റെ കഥകൾ എന്നിവ ചെറുകഥാസമാഹാരങ്ങൾ ആണ്. 1987 മെയ് 30-തിന് കോഴിക്കോട് ക്രിസ്ത്യൻ കോളേജിന് മുമ്പിലെ പണി തീരാത്ത കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണാണ് ആ മഹാപ്രതിഭയുടെ മരണം.