120 വർഷം പഴക്കമുള്ള മുക്കാളി ട്രെയിൻ ഹാൾട്ട് റെയിൽവേ അടച്ചു പൂട്ടാൻ പോവുകയാണെന്ന പാലക്കാട് റെയിൽവെ ഡിവിഷണൽ മാനേജരുടെ പ്രഖ്യാപനം ആയിരക്കണക്കായ യാത്രക്കാരോട് കാണിക്കുന്ന കടുത്ത അനീതിയും ജനവിരുദ്ധ നടപടിയുമാണ്. ചുരുങ്ങിയ ചിലവിൽ ലക്ഷോപലക്ഷം ജനങ്ങളെ ലക്ഷ്യ സ്ഥാനത്തെത്തിക്കാൻ സഹായിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ജനോപകാരപ്രദമായ പൊതുമേഖലാ സ്ഥാപനമാണ് റെയിൽവെ. ലാഭ നഷ്ടങ്ങൾ നോക്കിയല്ല കോൺഗ്രസ്സ് സർക്കാറുകൾ എല്ലാക്കാലത്തും റെയിൽവെയെ കണ്ടത്.
കോവിഡ് കാലം വരെ ദീർഘ ദൂര വണ്ടികളടക്കം പത്ത് ട്രെയിനുകൾക്ക് മുക്കാളിയിൽ സ്റ്റോപ്പുകൾ നേടിയെടുത്തത് ഓർക്കുന്നു. മാത്രവുമല്ല സ്റ്റേഷൻ നവീകരണം അക്കാലത്ത് നടത്തുകയുമുണ്ടായി. എം. പി. ഫണ്ടിൽ നിന്ന് പൂർണമായി പണം അനുവദിച്ചിട്ടാണ് ഇരു പ്ലാറ്റ്ഫോമുകളുടെയും നീളം കൂട്ടിയത്.
കോവിഡ് കാലത്ത് ഒറ്റയടിക്ക് ദീർഘ ദൂര വണ്ടികളടക്കം എട്ടു വണ്ടികൾ നിർത്തലാക്കിയതുകൊണ്ടാണ് സാങ്കേതികമായി വരുമാനം കുറയാൻ കാരണം.
കോവിഡിന് ശേഷം കേരളത്തിലെല്ലായിടത്തും നിർത്തലാക്കിയ വണ്ടികൾ പുന: സ്ഥാപിച്ചിട്ടും മുക്കാളിയിലും നാദാപുരം റോഡിലും മാത്രം പുന:സ്ഥാപിക്കാത്ത റെയിൽവെയുടെ നടപടി കുറ്റകരമായ വിവേചനമാണ്.
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള മുക്കാളി ട്രെയിൻ ഹാൾട്ട് നിർത്തലാക്കാനുള്ള നടപടി ഉടനടി റദ്ദാക്കണം.
ജനാധിപത്യത്തിൽ ജനതാത്പര്യത്തിനാണ് പ്രാമുഖ്യമെന്ന കാര്യം ആരും മറക്കരുത്.