കുറ്റ്യാടി ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പുത്തൻ പദ്ധതികളുമായി സര്‍ക്കാര്‍

കുറ്റ്യാടി ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ രണ്ടു പദ്ധതികള്‍ കൂടി മുന്നോട്ടുവെച്ച് സര്‍ക്കാര്‍. നിര്‍മാണ നടപടി പുരോഗമിക്കുന്ന കോഴിക്കോട്- നാദാപുരം റോഡ് ബൈപാസിനു പുറമെയാണിത്. വയനാട്-കോഴിക്കോട് റോഡിലെ വാഹനത്തിരക്ക് പരിഹരിക്കാന്‍ തൊണ്ടിപ്പൊയില്‍ പാലം, മേല്‍പാലം എന്നിവയാണ് നിയമസഭയില്‍ പ്രഖ്യാപിച്ച പദ്ധതികള്‍. ഇതില്‍ ഒന്ന് ഈ വര്‍ഷംതന്നെ ആരംഭിക്കാന്‍ കഴിയുമെന്ന് കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എല്‍.എയെ പൊതുമരാമത്ത് മന്ത്രി അറിയിച്ചിരുന്നു. മരുതോങ്കര റോഡില്‍നിന്ന് ചങ്ങരോത്ത് ഭാഗത്തേക്കുള്ള പാലമാണ് തൊണ്ടിപ്പൊയില്‍ പാലം.

ഇത് കോഴിക്കോട് റോഡുമായി ബന്ധിപ്പിക്കും. വയനാട് റോഡിനു മുകളിലൂടെയാണ് കോഴിക്കോട് റോഡിനെ ബന്ധിപ്പിക്കുന്ന മേല്‍പാലം. ഇന്‍വെസ്റ്റിഗേഷന്‍ എ സ്റ്റിമേറ്റിന് ചീഫ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും അറിയിച്ചു. കൂടാതെ വയനാട്-നാദാപുരം റോഡുകളെ ബന്ധിപ്പിക്കുന്ന ബൈപാസായി ഓത്യോട്ട്-നരിക്കൂട്ടുംചാല്‍ റോഡ് വികസിപ്പിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുക്കല്‍ പ്രവൃത്തിയും ആരംഭിച്ചിട്ടുണ്ട്. കുറ്റ്യാടി-കോഴിക്കോട് റോഡുകളെ ബന്ധിപ്പിക്കുന്ന ബൈപാസിന്റെ നിര്‍മാണത്തിനായി ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published.