കുറ്റ്യാടി: കുന്നുമ്മൽ, പുറമേരി പഞ്ചായത്തുകളിലെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളായ മലയാടപ്പൊയിൽ, മധു കുന്ന് മേഖലകളിലെ ചെങ്കൽ കരിങ്കൽ ഖനനനങ്ങൾ ഉടൻ നിർത്തിവയ്ക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് ആവശ്യപ്പെട്ടു.മറ്റൊരു വയനാട് ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ ദുരന്തമാണ് ഇവിടങ്ങളിൽ സംഭവിക്കാൻ പോകുന്നത്. മേഖലയിലെ ഖനനങ്ങൾ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളാണ് ഉണ്ടാക്കി കൊണ്ടിരിക്കുന്നതെന്നും മലയുടെ മുകൾ ഭാഗത്ത് വലിയ വിള്ളലുകൾ രൂപപ്പെട്ടു തുടങ്ങിയത് ഉരുൾപൊട്ടൽ പോലുള്ള വലിയ ദുരന്തങ്ങളിലേക്കാണ് വിരൾച്ചൂണ്ടുന്നത്. ജനങ്ങൾ ഭയപ്പാടോടെയാണ് ഇവിടെ ജീവിക്കുന്നതെന്നും മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ആളുകൾ വീടുമാറി താമസിക്കേണ്ട സാഹചര്യം വരെ പ്രദേശത്തുണ്ടായതായും മേഖല സന്ദർശിച്ച യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. വലിയ ദുരന്തങ്ങൾ പ്രദേശത്ത് സംഭവിക്കാതിരിക്കാൻ എല്ലാ വിധ ഖനനങ്ങളും നിർത്തിവെച്ച് മലയോര മേഖലയെ സംരക്ഷിക്കണം.പണത്തിനോടുള്ള ആർത്തിയോടെ മലയെ തുരന്നു തിന്നുന്ന ഭരണപക്ഷ രാഷ്ട്രീയ സ്വാധീനമുള്ള ഭൂമാഫിയ കളെയും അവരുടെ പങ്ക് പറ്റുന്ന ഉദ്യാഗസ്ഥരെയും ജനങ്ങൾ തിരിച്ചറിയണമെന്നും പ്രദേശത്തെ രക്ഷിക്കാൻ രാഷ്ട്രീയം മറന്ന് എല്ലാവരും ഒന്നിക്കണം. പ്രദേശത്തെ ഖനനങ്ങൾ നിർത്തിവെച്ചില്ലെങ്കിൽ ബഹുജനങ്ങളെ അണിനിരത്തി യൂത്ത് കോൺഗ്രസ് പ്രക്ഷോഭത്തിന് നേതൃത്വം നൽകും.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബവിത്ത് മലോൽ, കുറ്റ്യാടി നിയോജക മണ്ഡലം പ്രസിഡൻ്റ് സി.ടി.കെ.ബവിൻ ലാൽ, അരുൺ മൂയ്യോട്ട്, നജീബ് ചോയിക്കണ്ടി, സിദ്ധാർത്ഥ് നരിക്കൂട്ടും ചാൽ, ധനേഷ് വള്ളിൽ, രാഹുൽ ചാലിൽ, ശുഹൈബ് ഒന്തത്ത് തുടങ്ങിയവരാണ് അനധികൃത ഖനനം നടക്കുന്ന പ്രദേശങ്ങൾ സന്ദർശിച്ചത്.