കൊയിലാണ്ടി : മുത്താമ്പി- വൈദ്യരങ്ങാടി നടേരി ശ്രീ ലക്ഷ്മിനരസിംഹമൂർത്തിക്ഷേത്രത്തിൽ ആഗസ്ത് 11 ന് ഇല്ലംനിറ ആചരിക്കും. ഒരു പ്രദേശത്തിൻ്റെ കാർഷികാഭിവൃദ്ധിക്കായുള്ള ചടങ്ങാണ് ഇല്ലംനിറയെന്നത്. പഴയ തറവാടുകളിലും ക്ഷേത്രങ്ങളിലും കാർഷിക മേഖലയിലെ പ്രാധാന്യം ഓർമ്മപ്പെടുത്തുന്ന ആചരമായാണ് ഇല്ലംനിറ സംഘടിപ്പിക്കുന്നത്.
വയലേലകളിൽ നിന്നും കൊയ്തെടുത്ത നെൽക്കതിരുകൾ വൈഷ്ണാവചാരപ്രകാരം ക്ഷേത്രമണ്ഡപത്തിൽ പ്രത്യേകം പൂജിക്കുന്നു. മഹാവിഷ്ണുവിൻ്റെയും മഹാലക്ഷ്മിയുടെയും സാന്നിധ്യം വരുത്തി പൂജക്ക് ശേഷം ഈ നെൽക്കതിർ ക്ഷേത്രശ്രീകോവിലിൽ സ്ഥാപിക്കും. വിശ്വാസികൾ ഇത് വീടുകളിൽ അടുത്ത ഇല്ലംനിറ വരെ സൂക്ഷിച്ച് വെക്കും. ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് തന്ത്രി മിഥുൻ നാരായണൻ നമ്പൂതിരിപ്പാടും മേൽശാന്തി എൻ എസ് വിഷ്ണു നമ്പൂതിരിയും നേതൃത്വം നൽകും.