വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്ന് ബസ് ഉടമകൾ; ഉൾനാടൻ മിനി ബസ്‌ സർവീസ് മികച്ച ആശയമെന്ന് ജനകീയ സദസ്

നിലവിൽ ബസ് യാത്രാ സൗകര്യങ്ങൾ ഇല്ലാത്തതും യാത്ര ക്ലേശം അനുഭവിക്കുന്നതുമായ ഉൾനാടൻ റൂട്ടുകളിലേക്ക് സംസ്ഥാന ഗതാഗത മന്ത്രി നിർദ്ദേശിച്ച ഉൾനാടൻ മിനി ബസ്‌ സർവീസ് മികച്ച ആശയമെന്ന് കോഴിക്കോട് റീജ്യനൽ
ട്രാൻസ്‌പോർട്ട് ഓഫീസ് സംഘടിപ്പിച്ച ജനകീയ സദസ്സ് അഭിപ്രായപ്പെട്ടു.

കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, കുന്ദമംഗലം നിയമസഭ മണ്ഡലങ്ങളുടെ പരിധിയിലെ ജനകീയ സദസ്സാണ് വെള്ളിയാഴ്ച കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നത്. ഗ്രാമങ്ങളിൽ നിരവധി പുതിയ റോഡുകളും പാലങ്ങളും ടൗൺഷിപ്പുകളും വന്നിട്ടുണ്ടെങ്കിലും ഇവിടങ്ങളിൽ വേണ്ടത്ര ബസ് സർവീസുകൾ ഇല്ലെന്ന് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ചൂണ്ടിക്കാട്ടി. കോട്ടൂളി-സിഡബ്ലൂആർഡിഎം റോഡ് പ്രധാന റൂട്ടായി മാറി. എന്നാൽ ഇതുവഴി വേണ്ടത്ര ബസുകളില്ല.

തീരെ ബസുകൾ ഇല്ലാത്ത ഉൾനാടൻ റൂട്ടുകളിലെ പ്രശ്നപരിഹാരത്തിന് മുൻതൂക്കം നൽകണമെന്ന് പിടിഎ റഹീം എംഎൽഎ ചൂണ്ടിക്കാട്ടി. യാത്രക്കാർ സംതൃപ്തരാണോ എന്ന കാര്യത്തിൽ കെഎസ്ആർടിസി ശ്രദ്ധിക്കേണ്ടതുണ്ടെന്നും ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ കൂട്ടിയിണക്കി കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തണമെന്നും അഹമ്മദ് ദേവർകോവിൽ എംഎൽഎ ആവശ്യപ്പെട്ടു.

നേരത്തെ സർവീസ് ഉണ്ടായിരുന്ന കോഴിക്കോട്-പയിമ്പ്ര വഴി-കുന്ദമംഗലത്തേക്ക് നിലവിൽ ബസ് സർവീസ് ഇല്ലെന്നും കുന്നമംഗലം- പിലാശ്ശേരി-മാനിപുരം റൂട്ടിൽ ഒരു ബസ് മാത്രമാണുള്ളതെന്നും കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അരിയിൽ അലവി ഉന്നയിച്ചു. കുന്നമംഗലം-കട്ടാങ്ങൽ-മാവൂർ വഴിയുള്ള സർവീസുകൾ എളമരം-എടവണ്ണപ്പാറ വരെ നീട്ടണം.

പിലാശ്ശേരി ഭാഗത്തേക്ക് കൂടുതൽ ബസുകൾ വേണമെന്ന് കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രതിനിധി ആവശ്യപ്പെട്ടു.
രാത്രി 9 ന് ശേഷം കോഴിക്കോട് നിന്ന് മാവൂരിലേക്ക് ബസ് ഇല്ലാത്ത ദുരവസ്ഥയുണ്ടെന്ന് മാവൂർ ഗ്രാമപഞ്ചായത്ത് അംഗം ചൂണ്ടിക്കാട്ടി.

പത്തുവർഷം മുമ്പ് സർവീസ് ഉണ്ടായിരുന്ന കോഴിക്കോട് റെയിൽവേ സ്റ്റേഷൻ- കോട്ടൂളി-സിവിൽ സ്റ്റേഷൻ വഴി ബസ് ഓടിക്കണമെന്ന് കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ എം എൻ പ്രവീൺ ആവശ്യപ്പെട്ടു.
മികച്ച റോഡായ കുണ്ടുപറമ്പ്-കാരപ്പറമ്പ് റൂട്ടിൽ ബസ് സർവീസ് ഇല്ലെന്നും പറമ്പിൽബസാർ നിവാസികളുടെ യാത്രാദുരിതം പരിഹരിക്കണമെന്നും ആവശ്യമുയർന്നു.

രാത്രി 9.30 ന് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് സ്ത്രീകൾക്ക് പൊതുഗതാഗത സൗകര്യം ഇല്ലെന്നും പുരുഷന്മാരെപ്പോലെ ഓട്ടോറിക്ഷയിൽ തിക്കിത്തിരക്കി കയറാൻ സാധിക്കുന്നില്ലെന്നും പരാതിയുയർന്നു.

ഉൾനാടൻ മിനി ബസ് പെർമിറ്റുകൾ സ്വാഗതാർഹമാണെന്നും എന്നാൽ അവ നഗരത്തിലേക്ക് പ്രവേശിക്കുന്നില്ല എന്ന് ഉറപ്പാക്കണമെന്നും ബസ് ഓപ്പറേറ്റേഴ്സ് ജില്ലാ പ്രസിഡൻറ് കെ ടി വാസുദേവൻ ആവശ്യപ്പെട്ടു.
വിദ്യാർഥികളുടെ യാത്രാ കൺസഷൻ കെഎസ്ആർടിസിയിൽ കൂടി അനുവദിക്കണം. വിദ്യാർഥികളുടെ യാത്രാ നിരക്ക് ഉയർത്തുകയും വേണം. കൺസെഷൻ യാത്ര പ്ലസ് ടു വരെ യുള്ള വിദ്യാർത്ഥികൾക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിദ്യാർഥികളുടെ യാത്രാ ചാർജ് കൂട്ടുന്നത് സർക്കാർ ഗൗരവമായി പരിഗണിക്കണമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി എം ഇ ഗംഗാധരൻ ഉന്നയിച്ചു. ബസ് സ്റ്റോപ്പിന്റെ സമീപം ഓട്ടോറിക്ഷകൾ നിർത്തിയിട്ട് ആളുകളെ കയറ്റാൻ പാടില്ല എന്ന ഹൈക്കോടതി ഉത്തരവ് പലയിടത്തും ലംഘിക്കുന്നതായി ബസ് ഉടമകൾ പറഞ്ഞു.

പൊതുഗതാഗത സംവിധാനത്തിലേക്ക് ജനങ്ങളെ ആകർഷിക്കാൻ ബസ് സ്റ്റോപ്പിന്റെ അടുത്ത് പാർക്കിംഗ് സൗകര്യം ഒരുക്കണമെന്ന് ഗതാഗത വിദഗ്ധൻ വി വി ഫ്രാൻസിസ് ചൂണ്ടിക്കാട്ടി. ആളുകൾക്ക് ഇരുചക്രവാഹനമോ കാറോ പാർക്ക് ചെയ്ത് തൊട്ടടുത്ത ബസ് സ്റ്റോപ്പിൽ നിന്ന് ബസ് കയറാനുള്ള സൗകര്യം ഉണ്ടാക്കണം.

വേണ്ടത്ര ജീവനക്കാർ ഇല്ലാത്തതാണ് കെഎസ്ആർടിസി നേരിടുന്ന പ്രതിസന്ധിയെന്നും താൽക്കാലിക ജീവനക്കാരെ എടുത്തുതുടങ്ങിയാൽ ഉൾനാടൻ റൂട്ടുകളിൽ കൂടുതൽ സർവീസുകൾ നടത്താൻ സാധിക്കുമെന്നും ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ വി എം അബ്ദുൾ നാസർ അറിയിച്ചു റീജ്യനൽ ട്രാൻസ്പോർട്ട് ഓഫീസർ പി ആർ സുമേഷ്, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അനുമോദ് കുമാർ എന്നിവരും സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി പന്തലായനി കുഞ്ഞുക്കുളങ്ങര ലക്ഷ്മി അന്തരിച്ചു

Next Story

ഓണം: രാത്രികാല പട്രോളിങ് കാര്യക്ഷമമാക്കി എക്‌സൈസ്

Latest from Local News

കൂമുള്ളിയിൽ കുട്ടികളുടെ ചിത്രരചനാമത്സരം നടത്തി

ഉള്ളിയേരി : കൂമുള്ളി വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ഗിരീഷ് പുത്തഞ്ചേരി സ്മാരക വായനശാല ഹാളിൽ വെച്ച് കുട്ടികൾക്കുള്ള ചിത്രരചനാ മത്സരം (വർണ്ണലയം

വൈദ്യുതി മുടങ്ങും

തിങ്കൾ (25/11/2024 )കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിലെ മൂഴിക്കു മീത്തൽ, കുന്നത്ത് മീത്തൽ, മുതു വോട്ട്,ചിറ്റാരിക്കടവ്, മരുതൂർ എന്നീ പ്രദേശങ്ങളിൽ രാവിലെ

മണിയൂർ പഞ്ചായത്തിലെ വാർഡ് വിഭജനം അശാസ്ത്രീയമെന്ന്. യൂ.ഡി.എഫ്

മണിയൂർ:മണിയൂർ പഞ്ചായത്തിലെ വാർഡ് വിഭജനം നടത്തിയത് ഭരണസ്വാധീനത്തിൽ എൽ ഡി എഫിൻറ താല്പര്യങ്ങൾക്ക്നസരിച്ചന്ന് UDF മണിയൂർ പഞ്ചായത്ത് കമ്മറ്റി.പലവാർഡുകളിലും കൃതൃമായ അതിരുകളില്ല.അസസ്സമെൻറ്

ജില്ല കരാട്ടെ അസാസിയേഷൻ സംഘടിപ്പിക്കുന്ന ഇരുപത്തിയേഴാമത് കരാട്ടെ ചാസ്യൻഷിപ്പ് തുടങ്ങി

വടകര : ജില്ല കരാട്ടെ അസാസിയേഷൻ സംഘടിപ്പിക്കുന്ന ഇരുപത്തിയേഴാമത് ജില്ലാ കരാട്ടെ ചാസ്യൻഷിപ്പ് മേപ്പയിൽ ഐ പി എം സ്പോർട്സ് ആൻഡ്

കളരിപ്പയറ്റിന്റെയുംപണം പയറ്റിന്റെയും നാട്ടിൽ പുസ്തകപ്പയറ്റും

മേപ്പയ്യൂർ:കളരിപ്പയറ്റിന്റെയും പണംപയറ്റിന്റെയും നാട്ടിൽ പുസ്തക പയറ്റുമായി മേപ്പയ്യൂർജി.വി.എച്ച്എസ്.എസിലെ വിദ്യാർത്ഥികൾ. സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റാണ് കൗമാരക്കാർക്കായി ഒഴിവ് സമയത്ത് ചേർന്നിരിക്കാൻ തനതിട നിർമ്മാണവുംസ്കൂൾ