സംസ്ഥാനത്തെ കാലാവസ്ഥാ നിരീക്ഷണവും അവലോകനവും പ്രവചനവും കാര്യക്ഷമമാക്കാന്‍ ഒരു റഡാര്‍കൂടി വരുന്നു. ഇത് വടക്കേ മലബാറില്‍ സ്ഥാപിക്കാനാണ് ധാരണ. കാലാവസ്ഥാവകുപ്പ് (ഐ.എം.ഡി.) സംസ്ഥാനത്തിന് അനുവദിക്കുന്ന രണ്ടാമത്തെ റഡാറാണിത്. നിലവില്‍ കൊച്ചിയില്‍ കാലാവസ്ഥാവകുപ്പിന്റെ കീഴിലും തിരുവനന്തപുരം തുമ്പയില്‍ വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ കീഴിലുമായി രണ്ടെണ്ണമുണ്ട്.
ഇവ കൊണ്ടു മാത്രം 14 ജില്ലകളിലെയും കാലാവസ്ഥാനിരീക്ഷണം കാര്യക്ഷമമായി നടത്താന്‍ സാധിക്കുന്നില്ല. വടക്കന്‍ ജില്ലകളിലാണ് പ്രയാസം കൂടുതല്‍. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളാണ് റഡാര്‍ സ്ഥാപിക്കാനായി പരിഗണനയിലുണ്ടായിരുന്നത്. എന്നാല്‍ കോഴിക്കോട്, വയനാട് ജില്ലകളിലെ സ്ഥലങ്ങളില്‍ പശ്ചിമഘട്ട മലനിരകള്‍ നിഴല്‍ വീഴ്ത്തുന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുണ്ട്. ഇത് റഡാറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാനിടയുണ്ട്. ഈ സാഹചര്യത്തിലാണ് കാസര്‍കോട്, കണ്ണൂര്‍ ജില്ലകള്‍ പരിഗണിക്കുന്നത്. ഏഴുവര്‍ഷത്തെ വാര്‍ഷിക അറ്റകുറ്റപ്പണി കരാറോടെ ആറുകോടി രൂപ മുടക്കിയാണ് പുതിയ റഡാര്‍ സ്ഥാപിക്കുന്നത്.
റഡാര്‍ സ്ഥാപിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചതായി തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മേധാവി ഡോ. നീത കെ. ഗോപാല്‍ അറിയിച്ചു. എവിടെ സ്ഥാപിക്കണം എന്ന കാര്യത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ല. സ്ഥലം തീരുമാനിക്കുന്നതിന് പല സാങ്കേതിക മാനദണ്ഡങ്ങളും പരിഗണിക്കേണ്ടതുണ്ട്. പരമാവധി കവറേജ് ലഭിക്കുന്ന സ്ഥലമായിരിക്കണം. അതിനുവേണ്ടിയുള്ള പഠനങ്ങളും സ്ഥലപരിശോധനയും മറ്റ് നടപടികളും പുരോഗമിക്കുകയാണ്.