വയനാട് ദുരന്തത്തിൽ നഷ്ടമായ സർക്കാർ രേഖകൾ എല്ലാം ഒരിടത്ത് ലഭിക്കുന്ന സംവിധാനം ഒരുക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ ഉറപ്പ് നൽകി. നഷ്ടമായ റവന്യൂ-സർവകലാശാല രേഖകൾ അടക്കം എല്ലാ സർക്കാർ രേഖകളും ലഭ്യമാക്കുമെന്നാണ് മന്ത്രി കെ രാജൻ അറിയിച്ചിരിക്കുന്നത്. മൊബൈൽ ഫോൺ നഷ്ടമായ എല്ലാവർക്കും അവരുടെ നിലവിലുണ്ടായിരുന്ന നമ്പറിൽ തന്നെ കണക്ഷൻ എടുത്ത് ക്യാമ്പിൽ എത്തിച്ചുകൊടുക്കുമെന്ന ഉറപ്പും മന്ത്രി കെ രാജൻ നൽകി.
ദുരന്തമുഖത്ത് രക്ഷാപ്രവർത്തകർക്കുൾപ്പെടെ സൗജന്യ ഭക്ഷണം വിളമ്പാനായി മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് നടത്തിവന്ന ഭക്ഷണശാല പൂട്ടാൻ ആരും ഉത്തരവിട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. വൈറ്റ് ഗാർഡിന്റെ സേവനം മഹത്തരമാണ്. ഒരു തർക്കത്തിനും ഇപ്പോൾ ഇടയില്ല. നമ്മൾ ഒറ്റമനസായി നിൽക്കേണ്ട സമയമാണ്. ഇപ്പോൾ വേണ്ടത് വിവാദമല്ലെന്നും മന്ത്രി പറഞ്ഞു. ലോകത്തിന് മാതൃകയാകും വിധം പുനരധിവാസത്തിന് കേരള മോഡൽ രൂപപ്പെടുത്തുമെന്നും തിരച്ചിലിന് സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിവാദം കനത്തതോടെ ഊട്ടുപുര നിർത്തിവെപ്പിച്ച പൊലീസ് നടപടിക്കെതിരെ രംഗത്തുവന്ന മന്ത്രി മുഹമ്മദ് റിയാസ്, വൈറ്റ്ഗാർഡിന് ഭക്ഷണശാല തുടരാമെന്നും വ്യക്തമാക്കിയിരുന്നു. യൂത്ത് ലീഗ് ഊട്ടുപുര തടഞ്ഞ പൊലീസ് നടപടി പരിശോധിക്കണമെന്ന് മന്ത്രി പറഞ്ഞു. പൊലീസിന്റേത് അനാവശ്യ നടപടിയാണെന്ന അഭിപ്രായവും പരാതിയുമുണ്ടെന്നും പൊലീസ് സമീപനം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും അവർ പരിശോധിക്കണമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
സൈനികർക്ക് കൊടുക്കുന്ന ഭക്ഷണം പരിശോധിക്കണമെന്ന് മാത്രമേയുള്ളൂ. അതല്ലാത്തവയ്ക്ക് തടസമില്ലെന്നും മന്ത്രി പറഞ്ഞു. ആശയക്കുഴപ്പമുണ്ടാക്കാൻ ആരോ ശ്രമിക്കുകകയാണെന്നും അത് വകവയ്ക്കാതെ ഇതുവരെയുളള ഐക്യത്തോടെ എല്ലാവരും മുന്നോട്ടുപോകണമെന്നും മുഹമ്മദ് റിയാസ് അഭ്യർഥിച്ചു.