വിലങ്ങാട്: ക്യാമ്പുകളിൽ ഉള്ളവരുടെ അഭിപ്രായം കൂടി പരിഗണിച്ചശേഷം പുനരധിവാസമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

നിരവധി ഉരുൾപൊട്ടൽ ഉണ്ടായ വിലങ്ങാട് കൂടുതൽ മനുഷ്യജീവനുകൾ നഷ്ടപ്പെട്ടില്ല എന്നതൊഴിച്ചാൽ
തകർച്ച വലിയ രീതിയിലുള്ളതാണെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിലങ്ങാട് ഉരുൾപൊട്ടിയ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയനാടിന്റെ ഭീകരമായ ദുരന്തത്തിന് ഇടയിൽ വിലങ്ങാട് സംഭവിച്ച ആഘാതത്തിന്റെ വ്യാപ്തി വേണ്ടരീതിയിൽ പുറത്തുവന്നിട്ടില്ല. മാത്യു മാസ്റ്ററുടെ ജീവൻ നഷ്ടപ്പെട്ടു. നിരവധി കെട്ടിടങ്ങളും വീടുകളും കടകളും റോഡുകളും കലുങ്കുകളും പാലങ്ങളും കൃഷിയും നഷ്ടമായി. കോഴിക്കോട് ജില്ലാ കലക്ടർ ഓരോ വകുപ്പുമായും ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ വിശദ റിപ്പോർട്ട് സമാഹരിക്കുന്നുണ്ട്. റിപ്പോർട്ട് ലഭിച്ചാലുടൻ സ്ഥലം എംപി, എംഎൽഎ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മറ്റ് തദ്ദേശസ്ഥാപന പ്രതിനിധികൾ എന്നിവരുമായി യോഗം ചേർന്ന് ആളുകളുടെ പുനരധിവാസ കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും.
വിലങ്ങാട് ഏറ്റവും ഫലവത്തായ ഇടപെടൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്, മന്ത്രി വ്യക്തമാക്കി.

പുനരധിവാസം തീരുമാനിക്കുന്നത് മുൻപ് ക്യാമ്പിൽ കഴിയുന്നവരുടെ അഭിപ്രായം ആരായൽ പരമപ്രധാനമാണെന്നും അവരെ കേട്ടശേഷമേ പുനരധിവാസം എങ്ങനെ, എവിടെ വേണം എന്ന് തീരുമാനിക്കുകയുള്ളൂ എന്ന് മന്ത്രി റിയാസ് കൂട്ടിച്ചേർത്തു.

ഉരുൾപൊട്ടൽ ദുരന്തം വിതച്ച വിലങ്ങാട് ടൗൺ, ഉരുട്ടി പാലം, മരണപ്പെട്ട കുളത്തിങ്കൽ മാത്യു മാസ്റ്ററുടെ വീട്,
മഞ്ഞച്ചീളി, പാലൂർ എന്നിവിടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും മന്ത്രിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങിയ സംഘം ഞായറാഴ്ച രാവിലെ സന്ദർശനം നടത്തി.

ഇപ്പോൾതന്നെ എംപി, എംഎൽഎ, എന്നിവരുടെ പക്കൽ പുനരധിവാസത്തിന് സഹായവാഗ്ദാനം ലഭിച്ചിട്ടുള്ളതായി മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്തും വാഗ്ദാനമായി മുന്നോട്ട് വന്നിട്ടുണ്ട്.
ഇതെല്ലാം കൂടി ഒരു ഏകജാലക സമ്പ്രദായത്തിലൂടെ ഏകോപിപ്പിക്കാനാണ് ശ്രമിക്കുന്നത്. ജില്ലാ കലക്ടറുടെ റിപ്പോർട്ട് ലഭിച്ചശേഷം ചർച്ച ചെയ്ത് ഇക്കാര്യത്തിൽ തീരുമാനമെടുക്കും.

സർട്ടിഫിക്കറ്റുകൾ അടക്കം പ്രധാനപ്പെട്ട രേഖകൾ നഷ്ടപ്പെട്ടവർക്കായി സ്പെഷ്യൽ അദാലത്ത് നടത്തുമെന്നും മന്ത്രി പറഞ്ഞു. ക്യാമ്പിൽ കഴിയുന്ന വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാൻ വേണ്ട സൗകര്യങ്ങൾ അടിയന്തരമായി ചെയ്യും. ഇക്കാര്യം വിദ്യാഭ്യാസമന്ത്രിയുമായി സംസാരിക്കും. ഓൺലൈൻ പഠനം ഏർപ്പെടുത്തണമെങ്കിൽ അത് ചെയ്യും. ഇക്കാര്യങ്ങൾ ഏകോപിപ്പിക്കാൻ നോഡൽ ഓഫീസറെ നിയമിക്കും. വിലങ്ങാട് സാധ്യമായ എല്ലാ കാര്യങ്ങളും സംസ്ഥാന സർക്കാർ ചെയ്യുമെന്നും ദുരന്തത്തെ അതിന്റെ എല്ലാ അർത്ഥത്തിലുമാണ് കാണുന്നതെന്നും മന്ത്രി മുഹമ്മദ്‌ റിയാസ് വ്യക്തമാക്കി.

വിലങ്ങാടിന് വേണ്ടത് പ്രത്യേക പാക്കേജ് ആണെന്നും ഇക്കാര്യം മന്ത്രിയ്ക്ക് ബോധ്യപ്പെട്ടതായും ഷാഫി പറമ്പിൽ എം പി പറഞ്ഞു. വായാട് കോളനിയിലേക്കുള്ള പാലം തകർന്നത് വിലങ്ങാട് ഉരുൾപൊട്ടലിൽ ഉൾപ്പെട്ടതാണെന്ന് ഇ കെ വിജയൻ എംഎൽഎ ചൂണ്ടിക്കാട്ടി.
മേഖലയിൽ ആളുകളുടെ സന്ദർശനം മൂലമുള്ള തിരക്ക് കാരണം കെഎസ്ഇബിക്ക് യന്ത്രസാമഗ്രികൾ കൊണ്ടുവരാൻ കഴിയുന്നില്ല.
യന്ത്രസാമഗ്രികൾ എത്തിയാലേ വൈദ്യുതി പു:നസ്ഥാപനവും വീടുകളിൽ വെള്ളം എത്തിക്കലും സാധ്യമാവുകയുള്ളൂ. ഇക്കാര്യം നാട്ടുകാർ ശ്രദ്ധിക്കണം. മേഖലയിൽ സൗജന്യറേഷൻ നടപ്പാക്കണമെന്നും എം എൽഎ ആവശ്യപ്പെട്ടു.

നല്ല രീതിയിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇക്കാര്യം വിവിധ വകുപ്പുകൾ വിശദമായി തിട്ടപ്പെടുത്തേണ്ടതുണ്ടെന്നും ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് പറഞ്ഞു. ഓരോ വകുപ്പിനും സംഭവിച്ച നഷ്ടം കണക്കാക്കിയുള്ള റിപ്പോർട്ട് ലഭിച്ചാലുടൻ ഏകോപിച്ച് സർക്കാറിലേക്ക് നൽകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അഡ്വ പി ഗവാസ്, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വനജ, വാണിമേൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സൽമ രാജു, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജേന്ദ്രൻ കപ്പള്ളി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര കെ കെ, വടകര ആർഡിഒ പി അൻവർ സാദത്ത്, വടകര തഹസിൽദാർ എം ടി സുരേഷ്ചന്ദ്ര ബോസ്, ഡെപ്യൂട്ടി തഹസിൽദാർ ഷാജി ഇ കെ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

കീഴരിയൂർ കുറുമയിൽ താഴ കരിങ്കിലാട്ട് മീത്തൽ നാരായണി അന്തരിച്ചു

Next Story

ഓണം ബമ്പറിന്റെ ടിക്കറ്റുവിൽപ്പന പൊടിപൊടിക്കുന്നു. ആദ്യം പുറത്തിറക്കിയ 10 ലക്ഷം ടിക്കറ്റും വിറ്റുതീർന്നു

Latest from Main News

സഹകരണബാങ്കുകളുടേയും സംഘങ്ങളുടേയും വായ്പ പരിധി വര്‍ധിപ്പിച്ചു

സഹകരണബാങ്കുകളുടേയും സംഘങ്ങളുടേയും വായ്പ പരിധി വര്‍ധിപ്പിച്ചു. ഒരു കോടി രൂപയാണ് പുതിയ വായ്പ പരിധി. മുമ്പത് 75 ലക്ഷം രൂപയായിരുന്നു. 100

തദ്ദേശ തെരഞ്ഞെടുപ്പ്; ജില്ലയിലെ പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള സംവരണ വാര്‍ഡുകളൾ

കേരള പഞ്ചായത്ത് രാജ് ആക്ട് 153 (4) (ഡി) വകുപ്പ് പ്രകാരം 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍,

മെഡിക്കൽ കോളേജിൽ വിവിധ തസ്തികകളിൽ നിയമനം

കോഴിക്കോട് മെഡിക്കൽ കോളേജിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. പ്ലംബിംഗ്, ഇലക്ട്രിക്കൽ, വെൽഡിംഗ്, ഇൻഡസ്ട്രിയൽ, കാർപെന്റിംഗ്, പെയിന്റിംഗ്, അലൂമിനിയം ഫാബ്രിക്കേഷൻ, കൺസ്ട്രക്ഷൻ

പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍: ഹെൽപ് ഡെസ്ക് ആരംഭിച്ചു

പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളിലെയും കൃത്യമായ വിവരങ്ങൾ, വിശദീകരണങ്ങൾ, സഹായം എന്നിവ പൊതുജനങ്ങൾക്ക് നൽകുന്നതിനായി ജില്ലാ

മാവേലിയിലും മലബാറിലും ഗോവിന്ദച്ചാമിമാരുടെ അഴിഞ്ഞാട്ടത്തിന് കുറവൊന്നുമില്ല: വാതില്‍പ്പടിയിലെ ഉറക്കം, ശുചിമുറിയില്‍ കയറി മദ്യപാനവും, പുകവലിയും, ഒപ്പം കളവും

കൊയിലാണ്ടി: മംഗളൂരില്‍ നിന്ന് യാത്ര തുടങ്ങുന്ന മാവേലി എക്‌സ്പ്രസ്സിലും മലബാര്‍ എക്‌സ്പ്രസ്സിലും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തില്‍ മദ്യപാനികളുടെയും മോഷ്ടാക്കളുടെയും ശല്യമേറുന്നു. ഇത്