ആലപ്പുഴ: ഓണം ബമ്പറിന്റെ ടിക്കറ്റുവിൽപ്പന പൊടിപൊടിക്കുന്നു. ആദ്യം പുറത്തിറക്കിയ 10 ലക്ഷം ടിക്കറ്റും വിറ്റുതീർന്നു. ചൊവ്വാഴ്ച 10 ലക്ഷം ടിക്കറ്റുകൂടി വിപണിയിലെത്തിക്കും.മാവേലിയും പൂക്കളവുമില്ലാത്ത ടിക്കറ്റ് അച്ചടിച്ചതിനെതിരേ ഏജന്റുമാരുൾപ്പെടെയുള്ളവർ പ്രതിഷേധിച്ചിരുന്നു.
ആകർഷകമല്ലാത്ത ഡിസൈനായതിനാൽ വിൽപ്പന കുറയുമെന്നും പരമ്പരാഗത സംസ്കാരികത്തനിമ ചോർന്നുപോയെന്നുമാണ് ഏജന്റുമാരുടെ പരാതി. വിൽപ്പനക്കാരുടെ സാമൂഹികമാധ്യമഗ്രൂപ്പിൽ ഇതിനെതിരേ പ്രതിഷേധമുയർന്നിട്ടുണ്ട്.
ജൂലായ് 31-നാണ് ബമ്പർ പുറത്തിറക്കിയത്. ഇക്കുറിയും ഒന്നാംസമ്മാനം 25 കോടി രൂപയാണ്. ഒരു കോടി വീതം 20 പേർക്ക് രണ്ടാംസമ്മാനം. മൂന്നാംസമ്മാനമായ 50 ലക്ഷം 20 പേർക്കുണ്ട്. ഓരോ പരമ്പരയിലും 10 പേർക്കുവീതം അഞ്ചുലക്ഷവും രണ്ടുലക്ഷവുമാണ് യഥാക്രമം നാലും അഞ്ചും സമ്മാനങ്ങൾ. സമാശ്വാസ സമ്മാനമായി ഒൻപതുപേർക്ക് അഞ്ചുലക്ഷം വീതം ലഭിക്കും. ചെറുസമ്മാനങ്ങളുമുണ്ട്.ലോട്ടറി വകുപ്പിന്റെ ഏറ്റവുമുയർന്ന സമ്മാനത്തുകയുള്ള ടിക്കറ്റാണ് ഓണം ബമ്പർ. അതിനാൽ ഡിസൈൻ, വിൽപ്പനയെ ബാധിക്കില്ലെന്നാണ് വകുപ്പിന്റെ പ്രതീക്ഷ.