
പൊതുവിദ്യാലങ്ങളിൽ 25 ശനിയാഴ്ചകൾ പ്രവർത്തിദിവസമാക്കിയ നടപടി റദ്ദാക്കിയ ഹൈക്കോടതിയുടെ വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകില്ല. നേരത്തെ പുറത്തിറക്കിയ വിദ്യാഭ്യാസ കലണ്ടർ കോടതി വിധി പാലിക്കുന്നതിന്റെ ഭാഗമായി സർക്കാർ പരിഷ്‌കരിക്കും.
നയപരമായ തീരുമാനം എന്ന നിലയിൽ വിദ്യാഭ്യാസ അവകാശനിയമത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ തുടങ്ങിയവരുമായി ചർച്ച ചെയ്ത തീരുമാനിക്കാനാണ് കോടതി ആവശ്യപ്പെട്ടത്. സ്വകാര്യ മാനേജ്മെന്റിന്റെ ഹർജി പരിഗണിച്ച് ഹൈക്കോടതി നേരത്തെ 220 പ്രവർത്തിദിനങ്ങൾ നിർദേശിച്ച് ഉത്തരവിറക്കിയിരുന്നത്. ഇതിനെതിരെ കെപിഎസ്‌ടിഎ, കെഎസ്‌ടിയു എന്നീ സംഘടനകളും പാലക്കാട് സ്വദേശികളായ വിദ്യാർത്ഥികളും നൽകിയ ഹർജിയിലാണ് പുതിയ ഉത്തരവ്.

