കർക്കിടക വാവ് ദിവസം മൂടാടി ഉരുപുണ്യ കാവ് ക്ഷേത്രത്തിൽ പുലർച്ചെ മൂന്ന് മണി മുതൽ ആയിരക്കണക്കിന് ഭക്തർ ബലിതർപ്പണം നടത്തി. ശനിയാഴ്ച 12 മണിവരെ ബലിതർപ്പണം ഉണ്ടാവും. കടൽക്കരയിലെ ക്ഷേത്ര ബലിത്തറയിൽ പുലർച്ചെ മൂന്നരയോടെ ബലികർമ്മങ്ങൾ തുടങ്ങി. ഭക്തജനങ്ങളുടെ സൗകര്യാർത്ഥം ബലിത്തറ വിപുലീകരിച്ചിരുന്നു.ഒരേസമയം 800 ഓളം പേർക്ക് ബലികർമ്മങ്ങൾ ചെയ്യാനുള്ള സൗകര്യം ഇവിടെ ഏർപ്പാട് ചെയ്തിരുന്നു. ബലിതർപ്പണത്തിന് എത്തുന്നവരുടെ സുരക്ഷയ്ക്കായി പോലീസ്, ഫയർഫോഴ്സ്, കോസ്‌റ്റ്ഗാർഡ്, മെഡിക്കൽ ആംബുലൻസ് സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ദേശീയപാതയിലെ ക്ഷേത്ര കവാടം മുതൽ രണ്ട് വരിയായിട്ടാണ് ക്ഷേത്ര ബലിതർപ്പണ കൗണ്ടറിലേക്ക് ഭക്തരെ കടത്തിവിട്ടത്. അവിടെ നിന്നു തന്നെ ബലിസാധനങ്ങൾ വാങ്ങി ബലിത്തറയിലേക്ക് കടക്കാവുന്ന വിധത്തിലാണ് സൗകര്യങ്ങൾ ഏർപ്പെടുത്തിയത്. ബലിതർപ്പണ ത്തിനെത്തുന്ന ഭക്തജനങ്ങൾക്ക് പ്രഭാതഭക്ഷണവും ഒരുക്കി. പിതൃക്കൾക്കായി ചെയ്യുന്ന പ്രത്യേക വഴിപാടായ തിലഹോമം, സായൂജ്യ പൂജ എന്നിവ കഴിപ്പിക്കുന്നതിനായി ക്ഷേത്രസന്നിധിയിൽ പ്രത്യേക സൗകര്യവുമൊരുക്കിയിരുന്നു.
ബലിതർപ്പണ മണ്ഡപത്തിൽ നിരവധി സ്ഥാനീയൻമാർ ചടങ്ങിന് കാർമ്മികത്വം വഹിച്ചു, ഭക്തജനങ്ങൾക്ക് ലഘുഭക്ഷണ വിതരണവും ഉണ്ടായിരുന്നു. ഞായറാഴ്ചയും ബലിതർപ്പണ ചടങ്ങുകൾ ക്ഷേത്രസന്നിധിയിൽ നടക്കുന്നതിനാൽ നിരവനിരവധി ഭക്തജനങ്ങളെ പ്രതീക്ഷിക്കുന്നതായി ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ ടി.വി. അജീഷ്,എക്സിക്യൂട്ടീവ് ഓഫീസർ അജിത്ത് പറമ്പത്ത് എന്നിവർ പറഞ്ഞു. കർക്കിടകവാവ് ബലിതർപ്പണത്തിനായി കുട്ടോത്ത് സത്യനാരായണ ക്ഷേത്രത്തിലും ആയിരങ്ങൾ എത്തി. പുലർച്ചെ രണ്ടു മണി മുതൽ ക്ഷേത്രം മോക്ഷ തീരത്ത് ആചാര്യൻ സി.പി. സുഖലാലൻ ശാന്തിയുടെ നേതൃത്വത്തിൽ പിതൃ ബലിതർപ്പണ ചടങ്ങുകൾ തുടങ്ങി. ഭക്തജനങ്ങളുടെ സൗകര്യാർഥം മോക്ഷ തീരം വിപുലീകരിച്ചിരുന്നു. പിതൃക്കൾക്കായി ചെയ്യുന്ന പ്രത്യേക വഴിപാടായ തിലഹോമം കഴിപ്പിക്കുന്നതിനായി ക്ഷേത്രസന്നിധിയിൽ പ്രത്യേക സൗകര്യമൊരുക്കിയിരുന്നതായി ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് കെ.എം. ഷിജു,സെക്രട്ടറി വി .റെനീഷ് എന്നിവർ പറഞ്ഞു.