പശ്ചിമഘട്ടത്തെ പരിസ്ഥിതി ലോല മേഖലയാക്കാനുള്ള കരട് വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കി. 2022 ജൂലൈ 6-ന് പുറപ്പെടുവിച്ചതും ഈ വർഷം ജൂണിൽ കാലഹരണപ്പെട്ടതുമായ കരട് വിജ്ഞാപനത്തിന് സമാനമാണ് പുതിയ വിജ്ഞാപനവും.
ആറ് സംസ്ഥാനങ്ങളിലെ 56,800 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കാനാണ് നീക്കം. കേരളത്തിലെ 131 വില്ലേജുകൾ ഇതിൻ്റെ പരിധിയിൽ വരും. വയനാട്ടിൽ നിന്ന് 13 വില്ലേജുകളാണ് ഉൾപ്പെട്ടിരിക്കുന്നത്. വയനാട്ടിലെ മുണ്ടക്കൈയിൽ 300ലേറെ പേരുടെ മരണത്തിന് ഇടയാക്കിയ ഉരുൾപൊട്ടലിന് പിന്നാലെയാണ് കേന്ദ്രം കരട് വിജ്ഞാപനം പുറത്തിറക്കിയത്. പശ്ചിമ ഘട്ടത്തിന്റെ 36 ശതമാനം മേഖലയും ഇതോടെ പരിസ്ഥിതിലോലമായി മാറും. ഇവിടെ നിര്‍മ്മാണങ്ങള്‍ക്കുള്‍പ്പെടെ കടുത്ത നിയന്ത്രണമുണ്ടാകും.
ഇത് അഞ്ചാം തവണയാണ് കേന്ദ്രം വിഷയത്തിൽ കരട് വിജ്ഞാപനം പുറത്തിറക്കുന്നത്. പലതവണ ചര്‍ച്ചകള്‍ നടന്നെങ്കിലും അന്തിമ വിജ്ഞാപനം പുറത്തിറക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. 2023ല്‍ പുറത്തിറക്കിയ കരട് വിജ്ഞാപനത്തിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടിയിരുന്നു. ഇത് ജൂണിൽ അവസാനിച്ചിരുന്നു. വിഷയത്തിൽ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ 60 ദിവസത്തെ സാവകാശം നല്‍കിയിട്ടുണ്ട്. പൊതു പ്രതികരണം കൂടി കണക്കിലെടുത്താകും അന്തിമ വിജാഞാപനം പുറപ്പെടുവിക്കുക. മഹാരാഷ്ട്ര, കര്‍ണാടക, കേരള, തമിഴ്‌നാട്, ഗോവ, ഗുജറാത്ത് സംസ്ഥാനങ്ങളിലെ സ്ഥലങ്ങളാണ് പരിസ്ഥിതിലോല മേഖലകളായി പ്രഖ്യാപിച്ചത്.