കര്‍ക്കിടക മാസത്തിലെ പതിനാറാം നാളില്‍ ഭക്തിയുടെ നിറവില്‍ മാടായിക്കാവില്‍ മാരിത്തെയ്യങ്ങള്‍ കെട്ടിയാടി. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതു മണിയോടെ പുലയ സമുദായത്തിലെ കാരണവരായ പൊള്ളയും കോലാധാരികളും കുളിച്ച് തൊഴുത് ക്ഷേത്രത്തിലെത്തി തെയ്യം കെട്ടാനുള്ള അനുവാദം മാടായിക്കാവിലമ്മയില്‍ നിന്ന് വാങ്ങിച്ച് ഇവര്‍ക്കായി അനുവദിച്ച അണിയറയിലെത്തിയാണ് ചടങ്ങുകള്‍ തുടങ്ങിയത്.
പൊള്ളന്‍ തെക്കന്‍ ഗോപാലന്റെ നേതൃത്വത്തിലാണ് തെയ്യക്കോലങ്ങള്‍ ഉറഞ്ഞാടിയത്. വര്‍ഷങ്ങളായി തെയ്യങ്ങള്‍ക്കുള്ള വേഷമൊരുക്കുന്ന കെ. കുമാരന്റെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മരുമക്കളാണ് ഇപ്രാവശ്യം തെയ്യക്കോലങ്ങള്‍ ഒരുക്കിയത്.
കര്‍ക്കിടകം 16 ന് കാവില്‍ നിന്ന് കെട്ടി പുറപ്പെടുന്ന മാരികരുവന്‍, മാമാരികരുവന്‍, മാരീ കലിച്ചി, മാമാരി കലിച്ചി, മാരിഗുളികന്‍, മാമാരി ഗുളികന്‍ തുടങ്ങി തെയ്യകോലങ്ങള്‍ നാട്ടില്‍ ചുറ്റി സഞ്ചരിച്ച് വീടുകളിലെ ദുരിതങ്ങളെ ആവാഹിച്ച് ഉറഞ്ഞ് തുള്ളി പുഴയില്‍ ശനിയെ ഒഴുക്കുന്നതോടെ മാരി തെയ്യത്തിന് സമാപനമാകും. കോരി ചൊരിയുന്ന മഴക്ക് നിരവധി പേരാണ് തെയ്യം കാണാനെത്തിയത്.
മാമലനാട്ടിലാകെ ആധിയും വ്യാധിയും പിടിപെട്ട് ജീവിതം ദുരിതപൂര്‍ണമായി മാറുകയും ക്ഷേത്രങ്ങളിലും കാവുകളിലും പൂജാതി കര്‍മ്മങ്ങള്‍ മുടങ്ങുകയും ചെയ്തതോടെ ശനിയുടെ അപഹാരം മാടായിക്കാവിലമ്മക്കും ബാധിച്ചതായും പ്രശ്നപരിഹാരത്തിന് ചിറക്കല്‍ കോവിലകം തമ്പുരാന്‍ ഇടപെട്ട് ദേവപ്രശ്നം നടത്തുകയും മലനാട്ടിലാകെ 108 കൂട്ടം ശനികള്‍ ബാധിച്ചതായി പ്രശ്നവിധിയില്‍ കണ്ടതിനെതുടര്‍ന്ന് നാടിനെ ബാധിച്ച ശനിയെ അകറ്റുവാന്‍ മലയ, വണ്ണാന്‍ സമുദായത്തിലെ കര്‍മ്മികളെ വിളിച്ച് വരുത്തി കര്‍മ്മങ്ങള്‍ ചെയ്തുവെങ്കിലും ശനിയെ പൂര്‍ണ്ണമായും ഒഴിപ്പിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പുലയ സമുദായത്തിലുള്ള പൊളളയെ വിളിച്ച് വരുത്തി കര്‍മ്മങ്ങള്‍ ചെയ്താണ് ശനിയെ ഒഴിപ്പിച്ച് നാട്ടില്‍ ഐശ്വര്യവും സമൃദ്ധിയും വരുത്തിയതെന്നാണ് ഐതിഹ്യം.