കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെ തിരയാനൊരുങ്ങി ഈശ്വർ മൽപെ. ഇന്ന് അമാവാസി നാളിൽ വേലിയിറക്കത്തിൽ പുഴയിലെ വെള്ളം കുറയുമെന്നും ഇറങ്ങാൻ സന്നദ്ധനാണെന്നും പ്രാദേശിക മത്സ്യത്തൊഴിലാളി ഈശ്വർ മൽപെ അറിയിച്ചതായി അർജുന്റെ സഹോദരീഭർത്താവ് ജിതിൻ പറഞ്ഞു. മൂന്ന് മണിക്കൂറോളം പുഴയിൽ വെള്ളം കുറയുമെന്നാണു കരുതുന്നത്. അർജുന്റെ ബന്ധുക്കൾ ഇന്ന് രാവിലെ ഷിരൂരിലെത്തും.
അതേസമയം ഗംഗാവലിപ്പുഴയിൽ തെരച്ചിലിന് തൃശൂർ കാർഷിക സർവകലാശാലയുടെ ഡ്രജർ എത്തിക്കേണ്ടെന്ന് തീരുമാനം. യന്ത്രം എത്തിച്ചാലും പുഴയിലെ ചെളിയും ഒഴുക്കും കാരണം പ്രവർത്തിപ്പിക്കാനാകില്ലെന്നാണ് സ്ഥലം സന്ദർശിച്ച സമിതി തൃശൂർ ജില്ലാ ഭരണകൂടത്തിന് നൽകിയ റിപ്പോർട്ട്. ഇതിനിടെ ദേശീയപാതയിൽ ഷിരൂരിലൂടെ ഗതാഗതം പുനരാരംഭിച്ചു.