വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ ദുരന്ത മേഖല സന്ദര്‍ശിക്കുന്നതിനും അഭിപ്രായങ്ങള്‍ പറയുന്നതിനും ശാസ്ത്ര സാങ്കേതിക വിദഗ്ധര്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള നിർദേശം സംസ്ഥാനസർക്കാർ പിൻവലിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശാനുസരണമാണ് ചീഫ് സെക്രട്ടറി ഡോ. വി വേണു നിർദേശം പിൻവലിച്ചത്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും പ്രിൻസിപ്പൽ റിലീഫ് കമ്മീഷണറുമായ ടിങ്കു ബിസ്വാൾ ഓഗസ്റ്റ് ഒന്നിന് പുറപ്പെടുവിച്ച നിർദേശം ശാസ്ത്രലോകത്തെയും കാലാവസ്ഥാ മേഖലയിലെയും വിദഗ്ധരുടെ വിമർശനത്തിന് വഴിവച്ചിരുന്നു. കുറിപ്പ് വിവാദമായതോടെ, അത്തരത്തില്‍ ഒരു നയം സര്‍ക്കാരിനില്ലെന്നും വാര്‍ത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്നും ഇത്തരത്തിൽ ‘ദ്യോതിപ്പിക്കുന്ന’ നിർദേശം നൽകിയ ഉദ്യോഗസ്ഥർ ഉടനെ പിൻവലിക്കാൻ ഇടപെടണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുകയായിരുന്നു.
സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രൊഫ. കെ പി സുധീറിന് അയച്ച പ്രത്യേക കുറിപ്പിൽ നിർദേശിച്ചത്. ശാസ്ത്ര സമൂഹം അവരുടെ പഠനങ്ങളും മറ്റും സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകരുത്. ഇനി ഏതെങ്കിലും പഠനങ്ങൾ ദുരന്ത മേഖലയുമായി ബന്ധപ്പെട്ട് നൽകാൻ ഉദേശിക്കുന്നുവെങ്കിൽ അതിന് ദുരന്തനിവാരണ അതോറിറ്റിയുടെ മുൻകൂർ അനുമതി വേണമെന്നും ഡിസാസ്റ്റർ മാനേജ്മെൻറ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ കുറിപ്പിൽ പറയുന്നു.