കർക്കടക വാവ് ബലിതർപ്പണത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. നാളെ പുലർച്ചെ മൂന്നു മണി മുതൽ ബലി തർപ്പണം തുടങ്ങും. നഗരത്തിൽ ഇന്നു വൈകിട്ട് മുതൽ ബലിതർപ്പണം അവസാനിക്കുന്നതു വരെ പൊലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും. കർക്കടകവാവ് രണ്ടു ദിവസമാണെങ്കിലും 4ന് അസ്തമയത്തിനു മുൻപ് 6 നാഴിക നക്ഷത്രമോ തിഥിയോ ഇല്ലാത്തതിനാൽ നാളെയാണ് ബലി കർമം അനുഷ്ഠിക്കേണ്ടത്. ജില്ലയിലെ എല്ലാ സ്നാനഘട്ടങ്ങളിലും പുലർച്ചെ ബലിതർപ്പണം തുടങ്ങും. പിതൃതർപ്പണത്തിന്റെ ഭാഗമായി മനസ്സും ശരീരവും വ്രതശുദ്ധമാക്കുന്നതിനാണ് ഒരിക്കൽ ആചരിക്കുന്നത്. ഇന്ന് ഒരു നേരം മാത്രമാണ് അരി ആഹാരം.
കര്‍ക്കടക മാസത്തിലെ കറുത്തവാവ് ദിനത്തിലാണ് കർക്കടക വാവ് ബലി ആചരിക്കുന്നത്. ഈ വർഷം ആഗസ്റ്റ് 3നാണ് കർക്കടക വാവ് വരുന്നത്. ഈ ദിവസം ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. മരിച്ച് പോയ പിതൃക്കള്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്ന മക്കളോ ബന്ധുമിത്രാദികളോ ചെയ്യുന്ന കർമമാണ് ബലിയിടല്‍. പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കിടകത്തിലേത്. അതുകൊണ്ടാണ് കര്‍ക്കിടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്.