കോഴിക്കോട്: ഹിന്ദുസ്ഥാനി സംഗിതജ്ഞൻ ഹരിപ്രസാദ് ചൗരസ്യയുടെയും ബിസ്മില്ലാഖാന്റെയും സംഗീതം പോലെ ദുരന്തകാലത്ത് പോലും ശ്രവിക്കാവുന്ന ആത്മാവിന്റെ നിറമുള്ള കവിതകളാണ് ആർ. രാമചന്ദ്രന്റെതെന്ന് എഴുത്തുകാരൻ കല്പറ്റ നാരായണൻ പറഞ്ഞു. എം. ശ്രീഹർഷൻ എഴുതി പൂർണ പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ‘ആർ.രാമചന്ദ്രന്റെ കാവ്യലോകത്തിലൂടെ’ എന്ന പുസ്തകത്തിൻ്റെ പ്രകാശനകർമ്മം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ദുരന്തങ്ങളും ജീവിതത്തിന്റെ നിരർഥകതയും ഉൾപ്പെട്ട ശ്യാമകാലത്തിനെ മുൻകൂട്ടിക്കണ്ട എഴുത്തുകാരനായിരുന്നു അദ്ദേഹം. നൈസർഗികമായ നിഷ്കളങ്കത അനുഭവിച്ചവർക്കല്ലാതെ
അത്തരം കവിതകൾ എഴുതാനാവില്ല. സൂക്ഷ്മപദധ്യാനമുള്ള കവിതയാണ് അത്. പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയുടെ ആവിഷ്കാരം. അതിനാൽ രാമചന്ദ്രന്റെ കവിതകളെക്കുറിച്ച് എഴുതുക പ്രയാസമാണ്. അത്തരം അനുഭൂതി അനുഭവിച്ചയാൾക്കു മാത്രമെ ആ കവിതകളെ വിശകലനം ചെയ്യാനാവൂ. ഉന്നതമായ ആ അവബോധം സ്വാംശീകരിക്കാൻ എം. ശ്രീഹർഷനു
സാധിച്ചതായും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് TBS ഹാളിൽ നടന്ന ചടങ്ങിൽ ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങി. പ്രശസ്ത നോവലിസ്റ്റ് ശ്രീ. യു.കെ. കുമാരൻ അധ്യക്ഷനായി. ജി.എസ്. ഗോപിഷ്, ജി.എസ്. ശിവഗംഗ എന്നിവർ ആർ.രാമചന്ദ്രൻ്റെ കവിതകൾ ആലപിച്ചു. ഡോ.കെ ശ്രീകുമാർ സ്വാഗതവും എം.ശ്രീഹർഷൻ നന്ദിയും പറഞ്ഞു.