ഡോണാൾഡ് ബെയ്‌ലിയുടെ ബെയ്ലി പാലം – തയ്യാറാക്കിയത്: സാജിദ് അഹമ്മദ്, മനക്കൽ

വയനാട് ഉരുൾ പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട മാധ്യമവാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒന്നാണ് ബെയ്ലി പാലം. അതിൻ്റെ നിർമാണം സൈന്യം പൂർത്തീകരിച്ചിരിക്കുകയാണ്. ഉരുൾപൊട്ടലിൽ ചൂരൽമലയെ മുണ്ടക്കൈ ഗ്രാമവുമായി ബന്ധിപ്പിക്കുന്ന ഏക കോൺക്രീറ്റ് പാലം തകർന്നതോടെ ഇന്ത്യൻ കരസേന ആദ്യം രക്ഷാപ്രവർത്തനത്തിന് താൽക്കാലിക പാലം നിർമിച്ചിരുന്നു. എന്നാൽ അതിലൂടെ വലിയ ഭാരങ്ങളൊന്നും അപ്പുറത്തേക്ക് കൊണ്ടുപോകാന്‍ കഴിയുമായിരുന്നില്ല.

ദുരന്തത്തിൻ്റെ വ്യാപ്തി വ്യക്തമായതോടെ കാര്യക്ഷമമായ രക്ഷാപ്രവർത്തനത്തിന് ഉറപ്പുള്ളതും വാഹനഗതാഗതം അടക്കം സാധ്യമാകുന്ന തരത്തിലുള്ളതുമായ പാലം നിർമിക്കണം എന്ന ആവശ്യം ഉയർന്നു. അതോടെ മുൻകൂട്ടി നിർമ്മിക്കപ്പെട്ട ഭാഗങ്ങൾ കൂട്ടിയോജിപ്പിച്ചു നിർമ്മിക്കാവുന്നതും എടുത്തുമാറ്റാവുന്നതുമായ താൽക്കാലിക ഉരുക്ക് പാലം കരസേനയുടെ മദ്രാസ് റജിമെൻ്റ് എഞ്ചിനീയറിങ് വിഭാഗം 35 മണിക്കൂർ കൊണ്ട് നിർമിച്ചു. ഇതാണ് ബെയ്‍ലി പാലം. ഈ പാലത്തിലൂടെ രക്ഷാപ്രവർത്തനത്തിനുള്ള വാഹനങ്ങൾ, എസ്കവേറ്ററുകൾ, കോൺക്രീറ്റ് കട്ടറുകൾ, ഭക്ഷണ സാമഗ്രികൾ എന്നിവ എളുപ്പത്തിൽ കൊണ്ടുപോകാം. ബെയ്‌ലി പാലത്തിൻ്റെ ഭാഗങ്ങൾ ഡൽഹിയിൽ നിന്ന് വായു മാർഗമാണ് കൊണ്ടുവന്നത്. 190 അടി നീളമുള്ള പാലമാണ് കനത്ത മഴയെയും മലവെള്ളപ്പാച്ചിലിനെയും അതിജീവിച്ച് യുദ്ധകാല അടിസ്ഥാനത്തിൽ ചൂരൽ മലയ്ക്കും മുണ്ടക്കൈക്കുമിടയിൽ നിർമിച്ചിരിക്കുന്നത്. 24 ടൺ ഭാരം വഹിക്കാൻ ശേഷിയുണ്ട്.
1940-41ൽ രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷുകാരാണ് ബെയ്ലി പാലം ആദ്യമായി നിർമിച്ചത്. ബ്രിട്ടീഷ് സർക്കാർ ഉദ്യോഗസ്ഥനും സിവിൽ എഞ്ചിനീയറുമായ ഡോണാൾഡ് കോൾമാൻ ബെയ്‌ലിയുടെ ആശയമായിരുന്നു ഇത്. അദ്ദേഹത്തിൻ്റെ പേരിൻ്റെ ഭാഗം തന്നെ പാലത്തിനും നൽകി. ഉരുക്കും തടിയുമാണ് അന്ന് നിർമിച്ച പാലത്തിന്റെ പ്രധാന ഘടകങ്ങൾ. മാതൃകാപാലങ്ങൾ നിർമിക്കൽ ബ്രിട്ടീഷ് യുദ്ധകാര്യ ഓഫീസിലെ ഉദ്യോഗസ്ഥൻ കൂടിയായ ബെയ്ലിയുടെ വിനോദമായിരുന്നു. അദ്ദേഹത്തിൻ്റെ ആദ്യ പാലം മാതൃക ബ്രിട്ടീഷ് സർക്കാർ നിരസിച്ചിരുന്നു. എന്നാൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഭാഗമായി നടന്ന ഡൺ കിർക്ക് ഒഴിപ്പിക്കൽ പ്രശ്നം ബെയ്ലി പാലം മാതൃകയെ സ്വീകാര്യമാക്കി. ബെയ്‌ലിയുടെ നിർദ്ദേശം ഒടുവിൽ ബ്രിട്ടൻ അംഗീകരിച്ചു. യുദ്ധസമയത്ത് നിർമിച്ച ചില ബെയ്‌ലി പാലങ്ങൾക്ക് ടാങ്കുകളുടെ ഭാരം വഹിക്കാൻ കഴിയുമായിരുന്നു. ബെയ്ലി പാലം ഇല്ലായിരുന്നുവെങ്കിൽ ഞങ്ങൾ യുദ്ധം ജയിക്കില്ലായിരുന്നുവെന്ന് ബ്രിട്ടിഷ് ഫീൽഡ് മാർഷൽ വിസ്കൗണ്ട് ബെർണാഡ് മോണ്ട്ഗോമറി അഭിപ്രായപ്പെട്ടിട്ടുണ്ട്.

താരതമ്യേന ഭാരക്കുറവുള്ള പലത്തിൻ്റെ ഭാഗങ്ങൾ നിർമാണ സ്ഥലത്തു ട്രക്കുകളിൽ എത്തിക്കാൻ എളുപ്പമാണ്. പ്രകൃതി ദുരന്തങ്ങൾ, മനുഷ്യ നിർമിത ദുരന്തങ്ങൾ പോലുള്ള അടിയന്തര ഘട്ടങ്ങളിലാണ് ഇവ പ്രയോജനപ്പെടുക. വാഹനങ്ങൾക്കു പോകാൻ കഴിയുന്ന തരത്തിലാണ് ഇവയുടെ നിർമ്മാണം. ഭാരം താങ്ങാനുള്ള ശേഷി അനുസരിച്ച് ക്ലാസ് 40 ടൺ, ക്ലാസ് 70 ടൺ വിഭാഗങ്ങളിലുള്ള പാലങ്ങളാണ് സാധാരണ നിർമ്മിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി സൈനികാവശ്യത്തിനായി ഇത്തരം പാലം നിര്‍മ്മിച്ചത് കശ്മീരിലാണ്. ലഡാക്കിലെ ദ്രാസ് നദിക്കും സുറു നദിക്കുമിടയില്‍ ആണിത് നിര്‍മ്മിച്ചത്. അതിന് 30 മീറ്റര്‍ (98 അടി) നീളമുണ്ടായിരുന്നു. സമുദ്രനിരപ്പില്‍നിന്നും 5,602 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇന്ത്യന്‍ സൈന്യമാണ് ഇത് സ്ഥാപിച്ചത്.
ശബരിമല സന്നിധാനത്താണ് സംസ്ഥാനത്തു നിലവിലുള്ള ബെയ്‌ലി പാലം നിർമിച്ചിരിക്കുന്നത്. കരസേനയുടെ മദ്രാസ് എൻജിനീയറിങ് വിഭാഗം 90 ലക്ഷം ചെലവിൽ 2011 നവംബർ ഏഴിനായിരുന്നു പാലം പൂർത്തിയാക്കിയത്. പത്തനംതിട്ട ജില്ലയിലെ പമ്പാ നദിക്ക് കുറുകെ 36 വർഷം പഴക്കമുള്ള റാന്നി പാലം 1996 ജൂലൈ 29 ന് തകർന്നു വീണപ്പോൾ കരസേന പകരം നിർമിച്ച ബെയ്‌ലി പാലമായിരുന്നു ഗതാഗതത്തിനായി ഉപയോഗിച്ചിരുന്നത്. 2017 ൽ തകരാറിലായ ഏനാത്ത് പാലത്തിനു പകരം ബെയിലി പാലം കരസേനയുടെ നേതൃത്വത്തിൽ നിർമിച്ചതും ചരിത്രമാണ്.

 

Leave a Reply

Your email address will not be published.

Previous Story

കർക്കടക വാവ് ബലിതർപ്പണത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

Next Story

കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക് എൻ. മുരളീധരൻ പ്രസിഡണ്ട്, സി.പി മോഹനൻ വൈസ് പ്രസിഡണ്ട്

Latest from Feature

അകലാപ്പുഴ, നടേരിക്കടവ് പാലങ്ങള്‍ എന്ന് യാഥാര്‍ത്ഥ്യമാകും???

കൊയിലാണ്ടി മണ്ഡലത്തെയും പേരാമ്പ്ര മണ്ഡലങ്ങളെയും ബന്ധിപ്പിക്കുന്ന അകലാപ്പുഴ, നടേരിക്കടവ് പാലങ്ങളുടെ നിര്‍മ്മാണം അനിശ്ചിതമായി നീളുന്നു. ഒളളൂര്‍ക്കടവിലും തോരായിക്കടവിലും പാലത്തിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലേക്ക്

കര്‍ക്കിടക മാസത്തിലെ പതിനാറാം നാളില്‍ ഭക്തിയുടെ നിറവില്‍ മാടായിക്കാവില്‍ മാരിത്തെയ്യങ്ങള്‍ കെട്ടിയാടി

കര്‍ക്കിടക മാസത്തിലെ പതിനാറാം നാളില്‍ ഭക്തിയുടെ നിറവില്‍ മാടായിക്കാവില്‍ മാരിത്തെയ്യങ്ങള്‍ കെട്ടിയാടി. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതു മണിയോടെ പുലയ സമുദായത്തിലെ

സംരക്ഷണം വേണം തഴപ്പായ നിര്‍മ്മാതാക്കള്‍ക്ക്… വെട്ടി നശിപ്പിക്കരുത് കൈതോലച്ചെടികളെ

കൈതോലപ്പായകള്‍ നമ്മുടെ വീട്ടകത്തില്‍ നിന്ന് പുറത്താവുകയാണ്. പകരം പ്ലാസ്റ്റിക്ക് നാരുകള്‍ കൊണ്ട് തീര്‍ത്ത കൃത്രിമ പുല്‍പ്പായകളാണ് ആ സ്ഥാനത്തേക്ക് വരുന്നത്. പട്ടികജാതി

മൂന്ന് വര്‍ഷത്തെ ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍ എന്ന ഡിഗ്രി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തിന് കീഴിലെ അപ്പാരല്‍ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്റര്‍ കണ്ണൂര്‍